നാലര മാസം വെടിനിര്‍ത്തണം, 45 ദിവസം വീതം മൂന്നു ഘട്ടങ്ങള്‍; ഹമാസിന്റെ നിര്‍ദേശമിങ്ങനെ

ഗാസ- കഴിഞ്ഞയാഴ്ച ഖത്തര്‍, ഈജിപ്ഷ്യന്‍ മധ്യസ്ഥരും അമേരിക്കയും അയച്ച നിര്‍ദ്ദേശത്തിന് മറുപടിയായി, നാലര മാസത്തേക്ക് ഗാസയില്‍ വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിര്‍ദ്ദേശിച്ചു. 45 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായാണ് വെടിനിര്‍ത്തല്‍ വേണ്ടതെന്നാണ് ഹമാസ് നിര്‍ദേശം.
ഇസ്രായിലി ബന്ദികളെ ഫലസ്തീന്‍ തടവുകാര്‍ക്ക പകരമായി കൈമാറുന്നതാണ് നിര്‍ദ്ദേശം. ഗാസയുടെ പുനര്‍നിര്‍മ്മാണം ആരംഭിക്കണം, ഇസ്രായില്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങണം, മൃതദേഹങ്ങള്‍ കൈമാറണം.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഖത്തറിന്റെയും ഈജിപ്തിന്റെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ഇസ്രായേലിലെത്തി.

ഹമാസിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഇസ്രായില്‍ ജയിലുകളില്‍നിന്ന് ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ഇസ്രായിലി സ്ത്രീകളെയും ബന്ദികളാക്കിയ 19 വയസ്സിന് താഴെയുള്ള പുരുഷന്‍മാരെയും പ്രായമായവരെയും രോഗികളെയും ആദ്യ 45 ദിവസത്തെ ഘട്ടത്തില്‍ മോചിപ്പിക്കും.

ബാക്കിയുള്ള പുരുഷ ബന്ദികളെ രണ്ടാം ഘട്ടത്തില്‍ മോചിപ്പിക്കും. മൂന്നാം ഘട്ടത്തിന്റെ അവസാനത്തോടെ, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കക്ഷികള്‍ ധാരണയിലെത്തുമെന്ന് ഹമാസ് പ്രതീക്ഷിക്കുന്നു.

 

 

Latest News