സൗദിയില്‍ സവാള വില അഞ്ചിരട്ടിയിലേറെ കൂടി, കുടുംബ ബജറ്റ് താളംതെറ്റും

ജിദ്ദ - സൗദിയില്‍ കുടുംബ ബജറ്റ് താളംതെറ്റിച്ച് സവാള വില ആര്‍ക്കും പിടികൊടുക്കാതെ കുതിക്കുന്നു. സവാളയുടെ അഭൂതപൂര്‍വമായ വിലക്കയറ്റം അടുക്കളകളെ പ്രതിസന്ധിയിലാക്കുന്നു. അഞ്ചിരട്ടിയിലേറെ വരെയാണ് സവാള വില ഉയര്‍ന്നിരിക്കുന്നത്. രണ്ടു കിലോ തൂക്കമുള്ള പാക്കിസ്ഥാനി സവാള കീസിന് 18 റിയാലാണ് പുതിയ വില. നേരത്തെ ഇതിന് അഞ്ചു റിയാലായിരുന്നു വില. മൂന്നു കിലോ തൂക്കമുള്ള സവാള കീസിന് 25 റിയാലായും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയും ഈജിപ്തും മറ്റു ചില രാജ്യങ്ങളും സവാള കയറ്റുമതി നിര്‍ത്തിവെച്ചതാണ് പ്രാദേശിക വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമെന്ന് കിഴക്കന്‍ പ്രവിശ്യയിലെ വന്‍കിട പച്ചക്കറി, ഫ്രൂട്ട് വ്യാപാരിയായ ഹുസൈന്‍ അല്‍ശൈഖ് പറഞ്ഞു.
സൗദി സവാള വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ സൗദി സവാളയുടെ ലഭ്യത പര്യാപ്തമല്ല. ഇതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. സവാള കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചതാണ് വിലക്കയറ്റത്തിന് ഏറ്റവും പ്രധാന കാരണം. നേരത്തെ ഇന്ത്യ വന്‍തോതില്‍ സവാള കയറ്റി അയച്ചിരുന്നു. ഇന്ത്യയിലെ സവാള കയറ്റുമതി വ്യാപാരികളുമായി കഴിഞ്ഞ ദിവസം താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ സവാള കയറ്റുമതിക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് അനുവദിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ സവാള ഇറക്കുമതി ആരംഭിക്കുന്നതോടെ പ്രാദേശിക വിപണിയില്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യ സവാള ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക വിപണിയിലെ ആവശ്യം നികത്താന്‍ പര്യാപ്തമായ അളവിലല്ല സൗദി ഉല്‍പാദനം. ഇതോടൊപ്പം ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള ഇറക്കുമതി നിലച്ചത് വിലക്കയറ്റത്തിന് ഇടയാക്കി. സവാള വിലക്കയറ്റം കാരണം ഇതുവരെ റെസ്റ്റോറന്റുകള്‍ ഭക്ഷണ നിരക്കുകള്‍ ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ വിലക്കയറ്റം കൂടുതല്‍ കാലം നിലനില്‍ക്കുന്ന പക്ഷം ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കും. സൗദി വിപണിയിലേക്ക് സവാള എത്തിക്കാന്‍ ഇന്ത്യയിലെയും ഈജിപ്തിലെയും കയറ്റുമതി വ്യാപാരികളുമായി തങ്ങള്‍ ശക്തമായ ആശയവിനിമയങ്ങള്‍ നടത്തുന്നുണ്ട്.
നേരത്തെ സവാള വില തീരെ കുറവായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ സവാള വിപണിയിലെത്തുന്നതോടെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ലാഭം കിട്ടാത്ത നിലക്ക് വില കുറയും. നിലവില്‍ വിപണിയില്‍ സവാള ലഭ്യത കുറവാണ്. വാദി ദവാസിര്‍, സാജിര്‍, അല്‍ജൗഫ് എന്നിവിടങ്ങളില്‍ നിന്നാണ് സൗദി സവാള വിപണിയിലെത്തുന്നത്. നേരത്തെ മൊത്ത വ്യാപാര മാര്‍ക്കറ്റില്‍ ഒരു കിലോ സവാള അര റിയാലിനാണ് വിറ്റിരുന്നത്. നിലവിലെ സാഹചര്യങ്ങള്‍ സവാള വില നാലിരട്ടിയിലേറെ ഉയരാന്‍ ഇടയാക്കി. കയറ്റുമതിക്ക് ചുവന്ന സവാള തങ്ങളുടെ പക്കലില്ലെന്നാണ് ഈജിപ്തിലെ വന്‍കിട കയറ്റുമതി വ്യാപാരികള്‍ അറിയിച്ചിരിക്കുന്നതെന്നും ഹുസൈന്‍ അല്‍ശൈഖ് പറഞ്ഞു.
ചില രാജ്യങ്ങള്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനാല്‍ സൗദിയില്‍ മാത്രമല്ല, മറ്റു നിരവധി രാജ്യങ്ങളിലും സവാള വില ഉയര്‍ന്നിട്ടുണ്ട്. ഉല്‍പാദന ചെലവ് ഉയര്‍ന്നതിനാല്‍ ചില പ്രാദേശിക കര്‍ഷകര്‍ സവാള കൃഷി ഉപേക്ഷിച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ലോകത്തെ വന്‍കിട സവാള ഉല്‍പാദകരായ പാക്കിസ്ഥാനിലും ഇന്ത്യയിലും ഉല്‍പാദനം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമാണ്. യെമനില്‍ നിന്ന് മുടക്കമില്ലാതെ സവാള എത്താത്തതും വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. വിശുദ്ധ റമദാന്‍ സമാഗതമാകാറായതോടെ പ്രാദേശിക വിപണിയില്‍ സവാള വില കുറക്കുന്നതിന് പോംവഴികള്‍ കണ്ടെത്തണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു.

 

Latest News