Sorry, you need to enable JavaScript to visit this website.

സമാധാനം പുലരുമോ, ബ്ലിങ്കൻ നാളെ ഇസ്രായിലിൽ

സൗദി കിരീടാവകാശിയുമായും ഈജിപ്ത് പ്രസിഡന്റുമായും ഖത്തർ അമീറുമായും ചർച്ച
റഫായിൽ ആക്രമണമുണ്ടായാൽ മഹാദുരന്തമെന്ന് യു.എൻ

റിയാദ്/  ഗാസ- ഗാസയിൽ ഇസ്രായിലിന്റെ നരമേധം നിർബാധം തുടരുകയും, വെടിനിർത്തലിൽ ചർച്ചകൾ തീരുമാനമാകാതെ നീളുകയും ചെയ്യവേ സമാധാന ശ്രമങ്ങൾ ഊർജിതമാക്കാൻ അമേരിക്കൻ വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കൻ മേഖലയിൽ വീണ്ടുമെത്തി. ഇന്നലെ റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായിട്ടായിരുന്നു പര്യടനത്തിലെ ആദ്യ ഉന്നതതല കൂടിക്കാഴ്ച. പിന്നീട് കയ്‌റോയിലെത്തി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽസിസിയുമായും, അതുകഴിഞ്ഞ് ദോഹയിൽ എത്തി ഖത്തർ അമീർ ഷെയ്ഖ് തമീമം ബിൻ ഹമദ് അൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ നാളെ(ബുധൻ) ഇസ്രായിലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും.
ഒക്ടോബർ ഏഴിന് ശേഷം മേഖലയിലേക്ക് ബ്ലിങ്കൻ നടത്തുന്ന അഞ്ചാമത്തെ ദൗത്യമാണിത്. കഴിഞ്ഞ മാസത്തെ സന്ദർശനത്തിലും സൗദി കിരീടാവകാശി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ദ്വിരാഷ്ട്ര ഫോർമുലയിലൂടെ പ്രശ്‌നപരിഹാരത്തിന് വഴങ്ങാത്ത ഇസ്രായിലിന്റെ കടുംപിടിത്തം മൂലം കാര്യമായ പുരോഗതിയുണ്ടായില്ല. 
ഇസ്രായിലുമായി ഏതെങ്കിലും തരത്തിൽ സാധാരണ ബന്ധം സ്ഥാപിക്കണമെങ്കിൽ ദ്വിരാഷ്ട്ര പദ്ധതിയിലൂടെ സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരണമെന്നും ഇസ്രായിൽ അധിനിവേശം അവസാനിപ്പിക്കണമെന്നുമുള്ള സൗദിയുടെ നിലപാട് ഇന്നലത്തെ ചർച്ചയിലും കിരീടാവകാശി ആവർത്തിച്ചു. ഗാസയിലേക്ക് മതിയായ ജീവകാരുണ്യ സഹായം എത്തിക്കേണ്ടതിനെകുറിച്ചും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആന്റണി ബ്ലിങ്കനോട് പറഞ്ഞു. 
ഗാസയിൽ വെടിനിർത്തലിന് ഈജിപ്തിന്റെയും ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ പാരീസ് കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന നീക്കങ്ങൾ, ഇസ്രായിലും ഹമാസും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നതിനാൽ, ഇതുവരെ ഫലം കണ്ടിട്ടില്ല. അധിനിവേശം അവസാനിപ്പിക്കാതെയും യുദ്ധത്തിന് വിരാമമിടാതെയും ബന്ദികളെ മോചിപ്പിക്കാൻ താൽക്കാലിക വെടിനിർത്തലാകാമെന്നതാണ് ഇസ്രായിൽ നിലപാട്. എന്നാൽ ഗാസയിൽനിന്ന് ഇസ്രായിൽ കരസേന പൂർണമായും പിൻവാങ്ങുകയും, ആക്രമണം അവസാനിപ്പിക്കുകയും ചെയ്യാതെ ബന്ദികളെ കൈമാറില്ലെന്ന നിലപാടിൽ വിട്ടുവീഴ്ചക്ക് ഹമാസും തയാറായിട്ടില്ല. ഇന്നത്തെ കൂടിക്കാഴ്ചയിൽ നെതന്യാഹുവിനെ സമാധാന ഫോർമുലയിലേക്ക് അടുപ്പിക്കുകയാവും ബ്ലിങ്കന്റെ ഏറ്റവും ശ്രമകരമായ ദൗത്യം.
രണ്ട് മാസത്തെ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കി ഹമാസിന്റെ പക്കലുള്ള ഇസ്രായിലി ബന്ദികളെ പൂർണമായും മോചിപ്പിക്കുകയും പകരം ഒരു ബന്ദിക്ക് 100 ഫലസ്തീൻ തടവുകാരെന്ന നിലയിൽ ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളെ മോചിപ്പിക്കുകയും ചെയ്യുക എന്ന കരട് ഫോർമുലയാണ് പാരീസ് ചർച്ചയിൽ മുന്നോട്ടുവെച്ചത്. ഇതിനെ ഹമാസ് അംഗീകരിച്ചിട്ടില്ല.
ആഭ്യന്തര, അന്താരാഷ്ട്ര സമ്മർദങ്ങൾ മൂലം വെടിനിർത്തലിനും ബന്ദിമോചനത്തിനും നിർബന്ധിതമായ സാഹചര്യത്തിലും ഗാസയിൽ ആക്രമണം കടുപ്പിക്കുമെന്ന നിലപാടാണ് നെതന്യാഹുവിന്. ഹമാസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് നെതന്യാഹു ഇന്നലെയും പറഞ്ഞു. തെക്കൻ ഗാസയിൽ അതിരൂക്ഷമായ ആക്രമണമാണ് ഇന്നലെയും ഇസ്രായിൽ സൈന്യം നടത്തിയത്. 24 മണിക്കൂറിനിടെ 107 പേർ കൂടി കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27585 ആയി. പരിക്കേറ്റവർ 66,978 ആണ്.
ഗാസയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും കഴിയുന്ന റഫായിലേക്കും കരസേന നീങ്ങുമെന്ന മുന്നറിയിപ്പാണ് ഇസ്രായിൽ നൽകുന്നത്. ഈജിപ്ത് -ഇസ്രായിൽ അതിർത്തിയോട് ചേർന്നുള്ള റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ ഈജിപ്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാൽ നാല് പതിറ്റാണ്ട് മുമ്പ് ഈജിപ്തും ഇസ്രായിലും ഒപ്പുവെച്ച സമാധാന ഉടമ്പടിക്ക് തന്നെ അത് ഭീഷണിയാവുമെന്നാണ് മുന്നറിയിപ്പ്. റഫായിൽ ഇസ്രായിൽ ആക്രമണം നടത്തുന്നപക്ഷം അത് മഹാദുരന്തമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും അതിനെ ഏത് വിധേനെയും തടയണമെന്നും യു.എൻ മുന്നറിയിപ്പ് നൽകി.
ഖാൻ യൂനിസിലായിരുന്നു ഇന്നലെയും ഇസ്രായിലിന്റെ ആക്രമണം കേന്ദ്രീകരിച്ചത്. ബോംബ് വർഷം നടന്ന അൽ അമൽ ആശുപത്രി പരിസരത്തുനിന്ന് എണ്ണായിരത്തോളം അഭയാർഥികളെ ഒഴിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു. 
വെ്‌സ്റ്റ് ബാങ്കിലും ഇസ്രായിൽ ആക്രമണം തുടരുകയാണ്. ഇന്നലെ ഒരു ഫലസ്തീൻ പൗരൻ ഇസ്രായിൽ പട്ടാളത്തിന്റെ വെടിവെയ്പിൽ കൊല്ലപ്പെട്ടു.
അതിനിടെ, ഗാസയിലെ ഇസ്രായിൽ സൈന്യത്തിന്റെ കമാൻഡ് സെന്റർ ആക്രമിച്ചതായി ഹമാസ് അറിയിച്ചു.

Latest News