Sorry, you need to enable JavaScript to visit this website.

കാന്തപുരത്തിന്റെ പ്രസ്താവന ആത്മവിശ്വാസം സ്ഫുരിപ്പിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച

കോഴിക്കോട് - മുസ്‌ലിംകളെ നിരാശരാക്കാനോ പ്രകോപിപ്പിക്കാനോ ആരും കരുതേണ്ടെന്ന കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയടി. ബാബരി മസ്ജിദ് തകർത്തിടത്ത് രാമക്ഷേത്രം സ്ഥാപിച്ചതിന് പിന്നാലെ വാരാണസിയിലെ ഗ്യാൻ വാപി പള്ളിയിൽ വാരാണാസി ജില്ലാ മജിസ്‌ട്രേറ്റ് പൂജക്കു അനുമതി നൽകിയ പശ്ചാത്തലത്തിൽ, രാജ്യത്തെ ഭരണകൂടവും ജുഡീഷ്യൽ സംവിധാനങ്ങളും സ്വീകരിക്കുന്ന തെറ്റായ സമീപനത്തെ തുറന്നുകാട്ടുമ്പോഴും, പക്വതയും പാകതയും കൈവിടരുതെന്നും നീതിയെ പാടെ മറന്ന് മുന്നോട്ടു പോകാനാകില്ലെന്നുമുള്ള തികഞ്ഞ ആത്മവിശ്വാസം പകരുന്ന സന്ദേശമായാണ് പലരും പ്രസ്താവനയെ വിലയിരുത്തുന്നത്.
 'ഞങ്ങൾ ക്ഷമയുള്ളവരാണ്, അതിനർത്ഥം ഭീരുക്കളല്ലെന്ന' കാന്തപുരത്തിന്റെ പ്രസ്താവനയുടെ ഒറ്റവരിയിൽ എല്ലാം ഉൾചേർന്നിരിക്കുന്നു. ക്ഷമയുടെ പ്രാധാന്യം അടിവരയിടുമ്പോഴും അന്യായത്തിന്റെയും അനീതിയുടെയും കോട്ടകൊത്തളങ്ങളോട് സന്ധി ചെയ്യില്ലെന്നും പേടിയില്ലെന്നുമുള്ള മുന്നറിയിപ്പ് കൂടിയാണത്. സമാധാനത്തിന്റെയും സമാശ്വാസത്തിന്റെയും വിളനിലമാകേണ്ട ആരാധനാലയങ്ങൾ എത്രമാത്രം വിശുദ്ധമാവണമെന്ന ഓർമപ്പെടുത്തലും പ്രസ്താവനയിലുണ്ട്. 
 ആരാധന സ്വീകരിക്കപ്പെടണമെങ്കിൽ അത് നിർവഹിക്കുന്ന സ്ഥലം എല്ലാതരം അനീതികളിൽനിന്നും മോചിതമാകണമെന്ന സന്ദേശം പുതിയ കാലവും ലോകവും ശ്രദ്ധിക്കേണ്ട ധീരവും നീതിപൂർവകവുമായ പ്രഖ്യാപനമാണ്. ഇസ്‌ലാമിക മൂല്യങ്ങൾ ഏറെ ഉയരത്തിൽ നിർത്തുന്ന വ്യക്തവും കൃത്യവുമായ നിലപാടായും മതനിരപേക്ഷ സമൂഹം ഇതിനെ തിരിച്ചറിയുന്നു. 
 'അതിക്രമിച്ചു കൈയേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ലെന്നതാണ് മുസ്‌ലിംകളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് ഏതൊരു കാലത്തും മുസ്‌ലിംകൾ ആരാധാനാലയങ്ങൾ നിർമിച്ചത്. കാരണം, ആരാധന സ്വീകരിക്കപ്പെടണമെങ്കിൽ അത് നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാതരം അനീതികളിൽ നിന്നും മോചിക്കപ്പെടണം. ആ നിബന്ധന പാലിച്ചാണ് എക്കാലത്തും മുസ്‌ലിംകൾ ആരാധനാലയങ്ങൾ പണിതത്. അങ്ങനെ നിർണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നുചേരുക തന്നെ ചെയ്യുമെന്നും വിശുദ്ധ കഅ്ബയുടെയും മസ്ജിദുൽ അഖ്‌സയുടെയും ചരിത്രം നിരത്തി കാന്തപുരം പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയവരാണ് മുസ്‌ലിംകളെന്നും അതിവൈകാരികതയല്ല, ആത്മീയമായ ഊർജം സംഭരിച്ചാണ് എല്ലാ പ്രതിസന്ധികളെയും മുസ്‌ലിം സമൂഹം അതിജയിച്ചതെന്നും ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങിനെതന്നെ അതിജയിക്കുമെന്നും കാന്തപുരം ഓർമിപ്പിച്ചു.
 പ്രതിസന്ധികളില്ലാത്ത കാലവും സമൂഹവും ഉണ്ടായിട്ടില്ല. അതിനാൽ പ്രതിസന്ധികളെയും പ്രയാസങ്ങളെയും ആത്മീയാനുഭവങ്ങളായി മനസ്സിലാക്കാനും മതം പഠിപ്പിക്കുന്നു. പ്രതിസന്ധികൾ സാമ്പത്തികം, രാഷ്ട്രീയം അങ്ങനെ പല രൂപത്തിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക. എന്നാൽ, മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അവരുടെ സന്തോഷകരവും ദുഃഖകരവുമായ ഓരോ അനുഭവങ്ങൾക്കും ആത്മീയമായ ഒരു തലമുണ്ട്. അവർ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ അത്ആത്മീയ പ്രതിസന്ധിയാണ്. കൂടുതൽ മികച്ച വിശ്വാസികൾ ആയി വേണം ആ പ്രതിസന്ധിയെ മറികടക്കാനെന്നും അദ്ദേഹം ഓർമിപ്പിച്ചു. 
 ഗ്യാൻ വാപിയും മഥുര ഈദ്ഗാഹ് മസ്ജിദ് അടക്കമുള്ള സമകാലിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ മുസ്‌ലിംകളെ പ്രകോപിക്കാമെന്ന് ആരും കരുതേണ്ട. നിരാശരാക്കാമെന്നും കരുതേണ്ടെന്ന കൃത്യമായ പാഠവും അദ്ദേഹം മുന്നോട്ടുവച്ചു. സ്രഷ്ടാവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിക്കുന്നവരാണ് വിശ്വാസികൾ. അത്തരമൊരു സമൂഹത്തെ നിരാശരാക്കാൻ ആർക്കുമാവില്ലെന്നും നിരാശയുടെ ഭാഷ ഇസ്‌ലാമിന് അന്യമാണെന്ന ഉണർത്തലും സമൂഹമാധ്യമങ്ങളിൽ വലിയ തോതിലാണ് ചർച്ചയാകുന്നത്.സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്‌ലാമിന്റെ ഭാഷ. അത് ബലഹീനതയല്ല, മറിച്ചു മുന്നോട്ടുപോകാനുള്ള ഊർജവും ഊന്നുവടിയുമാണെന്ന ചിന്തയുണർത്താനും പ്രസ്താവന സഹായകരമാണ്. 
 ഒപ്പം പ്രാർത്ഥനയുടെ പ്രാധാന്യവും ഉണർത്തി. പ്രവർത്തനങ്ങൾക്കൊപ്പം പ്രാർത്ഥനയാണ് വിശ്വാസിയുടെ ആയുധം. മർദ്ദിതരുടെ പ്രാർത്ഥനയ്ക്ക് ഇസ്‌ലാം സവിശേഷ പ്രാധാന്യമാണ് നൽകുന്നത്. പ്രാർത്ഥനയിൽ ലോകത്തെ എല്ലാ മർദ്ദിതരെയും ഉൾപ്പെടുത്താനും ഒരാളുടെയും അവകാശത്തെയും അഭിമാനത്തെയും മുറിവേൽപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. നമുക്ക് നിഷേധിക്കപ്പെടുന്ന നീതി, മറ്റൊരാൾക്ക് നമ്മളാൽ നിഷേധിക്കപ്പെടാൻ പാടില്ലെന്ന കൃത്യവും ഉജ്വലവുമായ ഇസ്‌ലാമിന്റെ സന്ദേശവും അതിൽ അന്തർലീനമാണ്. എല്ലാവിധ സംവിധാനങ്ങളുടെയും അധികാര ഹുങ്കിൽ ആര് ഏതെല്ലാം തരത്തിൽ കളിച്ചാലും അവയെല്ലാം അതിജയിക്കാനുള്ള കൃത്യമായ വിശ്വാസ പാഠവും വരച്ചുകാണിച്ചത് പൊതുവെ എല്ലാവരും വളരെ പോസിറ്റീവായാണ് ചർച്ചകളിൽ വിലയിരുത്തുന്നത്.
 എന്നാൽ, ഭരണകൂടത്തിന്റെ ഹിഡൻ അജണ്ടകളോട് നട്ടെല്ലുയർത്തി പ്രതിഷേധിക്കാൻ ആർജവമില്ലാത്തവർ പല വിധത്തിലുള്ള ആനുകൂല്യങ്ങളും സഹായങ്ങളും സ്വീകരിച്ച് എളുപ്പം രക്ഷപ്പെടാൻ പറയുന്നതാണ് ക്ഷമയെന്നും, പറയേണ്ടത് ആരുടെയും മുഖത്തുനോക്കി പറയാൻ ചുണയുണ്ടാവണമെന്ന വിമർശങ്ങളും ചിലർ പ്രതികരണങ്ങളായി ഉയർത്തിയിട്ടുണ്ട്. 
 കാന്തപുരത്തിന്റെ പ്രസ്താവന ധീരമെന്ന് വലിയൊരു വിഭാഗം വിലയിരുത്തുമ്പോൾതന്നെ 'സുഖിപ്പിക്കൽ തന്ത്രത്തിന്റെ പതിവ് വാറോലയെ'ന്ന് വിമർശിക്കുന്നവരും ഇല്ലാതില്ല. കാന്തപുരത്തിന്റേത് ആത്മവിശ്വാസം സ്ഫുരിക്കുന്ന നിലപാടാണെന്ന് അംഗീകരിക്കുമ്പോഴും നരേന്ദ്ര മോഡിയുടെ സ്വന്തം മൗലാനയാണ് ഇദ്ദേഹമെന്നും, മുടി വിറ്റ് സമൂഹത്തെ ചൂഷണം ചെയ്യുന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും അമ്പാനാവില്ലെന്നും ഇവർ പറയുന്നു. ഭീരുക്കളായ സമുദായ മാടമ്പിമാരുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും ഭരണകൂട ഇടപെടൽ ശരിയാംവിധം വെളിച്ചം കാണാത്തതിനാലാണ് ബാബരി മസ്ജിദ് നാമാവശേഷമായി 32 വർഷം കഴിഞ്ഞ് ഗ്യാൻ വാപി മസ്ജിദിനും മഥുര ഈദ്ഗാഹ് മസ്ജിദിനുമായി ഫാസിസ്റ്റ് ശക്തികൾക്ക് നാവ് പൊങ്ങുന്നതെന്നും ഇവർ വിമർശിക്കുന്നു. സത്യത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുമ്പോഴും സത്യബോധ്യങ്ങളുടെ ബഹുസ്വരതയെ മാനിക്കാനാവണമെന്നും അതാണ് ഇന്ത്യയുടെ ആത്മാവെന്നും ഇത് എല്ലാ വിഭാഗവും ശരിയാംവിധം ഉൾക്കൊളളണമെന്നുമാണ് പൊതുവേയുള്ള വികാരം. ഒപ്പം രാജ്യത്തെ പാർല്ലമെന്റ് പാസാക്കിയ 1991-ലെ ആരാധനാലയ സംരക്ഷണ നിയമം അതിന്റെ പൂർണാർത്ഥത്തിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഇന്ത്യൻ ഭരണകൂടത്തിനും നീതിന്യായ സംവിധാനങ്ങൾക്കും മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടെന്ന ഉത്തരവാദിത്തവും ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നു. ഇനിയൊരു ബാബരി ദുരന്തം ഉണ്ടായിക്കൂടെന്നും അതാണ് ഇന്ത്യയുടെ ആത്മാവ് ഓരോ സംഭവങ്ങളിൽനിന്നും തെളിച്ചുപറയുന്നതെന്നും പലരും ഓർമിപ്പിച്ചു.


 

Latest News