വ്യവസായ നഗരിയായ യാമ്പുവിലേക്ക് മുമ്പും പോയിട്ടുണ്ടെങ്കിലും അന്ന് കടൽ തീരവും നഗരിയുമല്ലാതെ മറ്റൊന്നും കണ്ടിരുന്നില്ല. അരാംകൊ പ്ലാന്റിന്റേയും യാൻപെറ്റ് പ്രൊജക്ടിന്റേയും പടുകൂറ്റൻ ടാങ്കുകൾക്കരികിലെ ഹൈവേയിലൂടെ ഒരു വേഗ പാച്ചിൽ മാത്രമായിരുന്നു ഓർമയിലെ ആ യാത്ര. ചരിത്രങ്ങൾ ഉറങ്ങുന്ന പ്രധാന ഇടങ്ങളുള്ള തീരദേശമാണ് യാമ്പു. പവിഴപുറ്റുകളാൽ അലങ്കൃതമായ കടൽ തട്ടുള്ള മനോഹര ബീച്ചുകളാണ് യാമ്പുവിന്റേത്. കടലിന്റെ മാണിക്യമെന്ന് അറബ് കവികൾ വിശേഷിപ്പിച്ച മരുഭൂമിയിലെ സുന്ദര പ്രദേശം.
സൗദി അറേബ്യയിലെ പ്രാധാന്യമേറിയ തുറമുഖങ്ങളിൽ ഒന്നാണ് യാമ്പു. വളരെ പണ്ട് തന്നെ യമൻ, ഈജിപ്ത് വ്യപാരികളുടെ റൂട്ട് കടന്നു പോയിരുന്നത് യാമ്പുവിലൂടെയാണ്. മെഡിറ്ററേനിയൻ രാജ്യങ്ങളിൽനിന്നും വരുന്നവർ ഇടത്താവളമായി ഉപയോഗിക്കുന്ന പ്രദേശം എന്ന പേരിലും യാമ്പു അറിയപ്പെട്ടിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് തുർക്കിയെ നേരിടാൻ സഖ്യസേന തമ്പടിച്ചിരുന്നത് ഇവിടെയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്ന് സൗദിയുടെ വ്യവസായ മേഖലയിലെ പ്രധാനപ്പെട്ടൊരു ഇടമാണ് യാമ്പു.
'കൂട്ടം ജിദ്ദ' യാമ്പു യാത്ര പ്ലാൻ ചെയ്യുമ്പോൾ മനസ്സിലൊരു ആവേശമുണ്ടായി. ഫഌവർ ഷോ കഴിയാൻ ഇനി അധിക ദിവസമില്ല. ഫഌവർ ഷോയെ കുറിച്ച് അറിഞ്ഞ സമയം തൊട്ടുള്ള ആഗ്രഹമാണ് ഫഌവർ ഷോ തുടങ്ങുമ്പോൾ പോകണമെന്ന്. സൈഫുവിന്റെ നേതൃത്വത്തിൽ കൂട്ടം യാമ്പു ട്രിപ്പ് പ്ലാൻ ചെയ്ത ദിവസങ്ങൾക്കകം തന്നെ അമ്പതിന് മുകളിൽ അംഗങ്ങൾ രജിസ്റ്റർ ചെയ്തു. ഞാനും ഭാര്യയും കുട്ടിയും ആദ്യമേ രണ്ട് സീറ്റ് ബുക്ക് ചെയ്തിരുന്നു. ജിദ്ദ സാംസ്‌കാരിക രംഗത്തെ കാരണവർ അബ്ദുൽ മജീദ് നഹയും ഭാര്യയുമെല്ലാം നേരത്തേ സീറ്റ് നേടിയെടുത്തിരുന്നു.

കൂട്ടം ജിദ്ദയിലെ കുടുംബങ്ങളും അംഗങ്ങളുമാണ് സഹയാത്രികർ എന്നത് യാത്ര കലാലയ വിനോദ സഞ്ചാരത്തിന്റെ പ്രതീതിയായിരിക്കുമെന്ന് തീർച്ചയായിരുന്നു. സൈഫു ബസും മറ്റു കാര്യങ്ങളും ക്രമീകരിക്കുകയും കാദർഭായ് ആളുകളുടെ ബുക്കിംഗ് നിയന്ത്രിക്കുകയും ചെയ്തു. യാത്രയുടെ ഓരോ കാര്യങ്ങളും കൂട്ടം അംഗങ്ങൾ ഒരോരുത്തരായി ഏറ്റെടുത്തിരുന്നു, സമയക്രമം സിദ്ദീഖും സംഘവും ഭക്ഷണം ജമാൽ നാസർ സംഘവും കൈകാര്യം ചെയ്യുമെന്ന് ഉറപ്പ് നൽകി. ഒരു സ്‌കൂൾ വിനോദയാത്രക്ക് തയ്യാറെടുക്കുന്ന അതേ ആവേശത്തിലായിരുന്നു എല്ലാവരും.

പ്രവാസത്തിൽ ഇങ്ങനെ ഒരുമിച്ച് യാത്ര പോയത് മദായിൻ സ്വാലിഹിലേക്കാണ്. 700 കിലോമിറ്ററോളമുള്ള നീണ്ടയാത്രകൾ ആഘോഷമാക്കാൻ സാധിച്ചത് അംഗങ്ങളുടെ ഊർജസ്വലത കാരണമായിരുന്നു. രാവിലെ ആറേ മുപ്പതിനാണ് പുറപ്പെടുന്ന സമയം. ജിദ്ദയിലെ ഖാലിദ്ബ്‌നു വലീദ് പാർക്കിൽ നിന്നാണ് പുറപ്പെടുന്നത്. സമയത്തിന്റെ കാര്യത്തിൽ ചില ആശങ്കകളുണ്ട്. കാരണം കുട്ടികൾ അടങ്ങുന്ന കുടുബങ്ങളാണ് കൂടുതലും. രാവിലെ ഇവരെയെല്ലാം ബസിന്റെ അടുത്തെത്തിക്കുക എന്നത് ശ്രമകരമായൊരു ജോലിയാണ്. വാട്‌സപ്പിലെ ഗ്രൂപ്പിൽ നിരന്തരം സമയം ഓർമിപ്പിച്ചു കൊണ്ടിരുന്നു. ഭക്ഷണ ഡിപ്പാർട്ട്‌മെന്റിലെ ജമാൽ നാസർ ഭായിയും മക്കളായ സർഹാനും സ്ഫാനും കൂടി ആവശ്യമുള്ള കുറച്ച് സാധനങ്ങൾ വാങ്ങി നേരത്തെ തന്നെ തിരിച്ചു. രാവിലെ പോകാനുള്ളതിനാൽ അന്നത്തെ മറ്റെല്ലാ പരിപാടികളും ഉപേക്ഷിച്ച് നേരത്തെ കിടക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഞാനും ഭാര്യ നിഭയും മോൾ ഫൈഹയും കൃത്യം നാലേ മുപ്പതിനു തന്നെ എഴുന്നേറ്റു. മകളെ ഒരുക്കി കഴിഞ്ഞപോഴേക്കും സമയം ആറുമണി. കൃത്യം ആറുമണിക്ക് ബസ് വരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ബസ് പുറപ്പെടുന്ന സ്ഥലത്ത് ആദ്യം എത്തി. 6.20 ആയപ്പോഴേക്കും ആളുകൾ എത്തിതുടങ്ങി. വർഷങ്ങൾക്ക് ശേഷം ആദ്യമായി സൂര്യോദയമൊക്കെ കാണാലൊ എന്ന് തമാശ പറയുന്നത് കേൾക്കുന്നുണ്ട്. ഏകദേശം 6.30 ആയപ്പോഴേക്കും ആളുകൾ എല്ലാവരും റെഡിയായി. ബസ് മറ്റൊരു സ്ഥലത്തയാതിനാൽ സ്റ്റാർട്ടിംഗ് പോയന്റിൽ എത്തിച്ചേരാൻ കുറച്ച് വൈകി, ഉച്ചക്കുള്ള ഭക്ഷണവും പ്രഭാത ഭക്ഷണത്തിനുള്ള ഡാൽ കറിയും അരുവി മോങ്ങത്തിനെയാണ് ഏൽപ്പിച്ചത്. ബസ് പുറപ്പെട്ടപ്പോൾ എല്ലാവരും സീറ്റുകൾ ക്രമീകരിച്ചു. അപ്പോഴേക്കും ബസ് ജിദ്ദയിലെ മദീന ഹൈവേയിലേക്ക് പ്രവേശിച്ചു.
ഇനി യാമ്പുവാണ് ലക്ഷ്യം. പ്രാതൽ കഴിക്കൻ ഒരു സ്ഥലം ടീം ലീഡർ സൈഫു കണ്ടെത്തിയിട്ടുണ്ട്. അവിടെ ഇറങ്ങി പെട്ടെന്ന് തിരിക്കണമെന്ന് അദ്ദേഹം മൈക്കിലൂടെ അനൗൺസ് ചെയ്യുന്നുണ്ട്. പേരും നമ്പറും അടങ്ങിയ ചില പേപ്പറുകൾ എല്ലാവർക്കും നൽകി, ഗെയിമിനുള്ള തയ്യാറെടുപ്പാണ്. മൽസരങ്ങൾ തുടങ്ങി ചോദ്യങ്ങളും ഉത്തരങ്ങളും ആയി സമയം പോകുന്നതേ അറിയുന്നില്ല. ബസ് ജിദ്ദ പട്ടണമെല്ലാം കഴിഞ്ഞ് വിജനമായ മരുഭൂമിയിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് പായുന്നുണ്ട്.
മരുഭൂമി ഉണരുകയാണ് സൂര്യ കിരണങ്ങൾ മണലിൽ സ്പർശിച്ചു തുടങ്ങി, ഇളം ചൂടിൽ മേയുന്ന ഒട്ടകക്കൂട്ടങ്ങളെ അങ്ങിങ്ങായ് കാണുന്നുണ്ട്. അനന്തമായി കിടക്കുന്ന മരുഭൂമിയെ കണ്ടപ്പോൾ കടലിനെ ഓർമ വന്നു. രണ്ടിനും വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും എന്തൊക്കെയൊ ചില സാമ്യങ്ങൾ പോലെ. ബസിൽ ഗെയിം പൊടിപൊടിക്കുന്നുണ്ട്, ഉത്തരം കിട്ടുന്നവർ ചിരിക്കുകയും തെറ്റിയ ഉത്തരങ്ങൾക്ക് കൂവലുകളുമായി ബസ് സജീവമായി. കുറച്ച് കഴിഞ്ഞപ്പോൾ അനൗൺസ്‌മെന്റ്: 'നമ്മൾ പ്രാതൽ കഴിക്കാൻ ഇറങ്ങുകയണ്' എല്ലാവരും ബസിൽ നിന്നും ഇറങ്ങി പ്രാതലും കഴിച്ച് പറഞ്ഞ സമയത്തുതന്നെ എല്ലാവരും ബസിൽ കയറി. ബസ് വീണ്ടും വിജനതയിൽ മണൽ കുന്നുകൾ താണ്ടി ഹൈവേയിലൂടെ യാമ്പു ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു. സൗദി യുവാവ് വളരെ ജാഗ്രതയോടെയാണ് വണ്ടിയോടിക്കുന്നത്. 11.30 ആയപ്പോൾ വാഹനം യാമ്പു ലേക്ക് പാർക്കിൽ എത്തി. ഇനി ഉച്ച ഭക്ഷണം കഴിച്ചിട്ടാണ് ഇവിടെനിന്ന് പുറപ്പെടുക. ലേക് പാർക്കിൽ അങ്ങിങ്ങായി നിരവധി ആളുകൾ വിശ്രമിക്കുന്നുണ്ട്. കൂടുതലും ദൂരെനിന്നു വന്നവരാണ്. ഫഌവർ ഷോ ആയതിനാലാണ് ഇത്ര തിരക്ക്. ഫോട്ടൊ എടുക്കലും സെൽഫിയുമായി പാർക്കിലൂടെ നടന്നു.

ഭക്ഷണം കഴിക്കാൻ ബസിന്റെ അടുത്തേക്ക് നടന്നു. എല്ലാവരും ഭക്ഷണം കഴിച്ച് അടുത്ത ഇനമായ ബോട്ടിങ്ങ് നടത്താനുള്ള പ്ലാനാണ്.
അൽപനേരം കടൽകാറ്റേറ്റ് ബോട്ട് വരുന്നതും കാത്തിരുന്നു, ബോട്ടിംഗ് രസകരമായൊരു അനുഭവമായി. ഇനി അടുത്ത സ്‌റ്റോപ്പ് ചൈന പാർക്കാണ്, അവിടെ ഒന്ന് ഇറങ്ങി ബീച്ചിൽ കറങ്ങിയിട്ട് വേണം യാമ്പു ഫഌവർ ഷോ നടക്കുന്ന ഏരിയയിൽ എത്താൻ. ചൈന പാർക്കിലെത്തുമ്പോൾ സമയം വളരെ വൈകിയിരുന്നു. പകൽ വെളിച്ചത്തിൽ ഫഌവർ കാർപറ്റ് കാണാനുള്ള പ്ലാനാണ്. അതുകൊണ്ട് ചൈന പാർക്കിൽ അധിക സമയം തങ്ങിയില്ല.
അധികം താമസിക്കാതെ യാമ്പു ഫഌവർ ഷോ ഏരിയയിൽ ബസ് എത്തിച്ചേർന്നു. ഫഌവർ ഷോ കാണാൻ നിരവധി ആളുകൾ അങ്ങോട്ട് ഒഴുകുന്നുണ്ട്. അത്യാവശ്യം വലിയ ഒരു കവാടം തന്നെ ഇതിനായി നിർമിച്ചിട്ടുണ്ട്. മനോഹരമായ വയലറ്റ് പൂക്കൾ കൊണ്ട് ചുമർ നിർമിച്ച് അതിൽ വെള്ളനിറത്തിലുള്ള പൂവുകൾ കൊണ്ട് യാമ്പു ഫഌവർ ഷോ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. സൂര്യ പ്രകാശം പോകുന്നതിനു മുമ്പ് ഫോട്ടോകൾ എടുത്തു വെക്കാൻ അദ്‌നുവും അലി മഞ്ചേരിയും ധൃതിയിൽ ഫഌഷുകൾ മിന്നിക്കുന്നു. അകത്തേക്ക് നടന്ന് ഫഌവർ കാർപറ്റിന്റെ അടുത്തെത്തി. മനോഹരം, അതിമനോഹരം, ഒരു കുന്നിൻ ചെരിവ് മുഴുവൻ പൂക്കൾ മൂടിയപോലെ. വിസ്മയപ്പിക്കുന്ന വർണ്ണ കാഴ്ച. കർണാടകയിലെ ഷിമൊഗയിൽ പോയപ്പോൾ കണ്ട സൂര്യകാന്തി തോട്ടങ്ങൾ ഓർമവന്നു.
ലോകത്തിലെതന്നെ ഏറ്റവും വലിയ ഫഌവർ കാർപറ്റാണിത്. മരുഭൂമിയുടെ ഈ ചൂടിൽ ഇത്ര മനോഹരമയി ഇതെല്ലാം നിർമിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ഇതൊന്നും സംഭവിക്കുന്നില്ല എന്നത് തെല്ല് ആശങ്കയോടെ ചിന്തിച്ചു. ബസിൽ എല്ലാവരും ഹാജരായി. എല്ലാവരുടേയും മുഖത്ത് ക്ഷീണത്തിന്റെ വിചിത്ര ഭാവങ്ങൾ മിന്നിമറയുന്നുണ്ട്. വാഹനം ജിദ്ദയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ബസിൽ ബഷീർ ഭായിയുടെ നേതൃത്വത്തിൽ അന്താക്ഷരി നടക്കുന്നുണ്ട്. ചിലർ ഉറക്കത്തിലേക്ക് മെല്ലെ ആഴ്ന്നിറങ്ങിയിട്ടുണ്ട്. യാത്രകളിൽ ലക്ഷ്യങ്ങൾക്ക് പരിമിതികളുണ്ട്. പക്ഷെ യാത്രയിലുടനീളം ലഭിക്കുന്ന അനുഭവങ്ങൾ അനന്തമാണ്.






