ഭർത്താവിനെ കടിച്ചുകീറാൻ ഓടിയെത്തി കഴുതപ്പുലികൾ; ഭാര്യയുടെ ധീരതയിൽ യുവാവിന് ജീവൻ

ന്യൂദൽഹി- അക്രമിക്കാനെത്തിയ കഴുതപ്പുലികളിൽനിന്ന് ഭർത്താവിനെ രക്ഷിച്ച ഛത്തീസ്ഗഡിലെ യുവതി. കൊണ്ടഗാവ് ജില്ലയിലാണ് ഒരു സ്ത്രീ തന്റെ ഭർത്താവിനെ കഴുതപ്പുലികളുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വയലിൽ നനക്കാൻ പോയ നന്ദു യാദവിനെ കഴുതപ്പുലികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 
അലറി വിളിച്ച നന്ദു യാദവിന്റെ അടുത്തേക്ക് ഭാര്യ സുഗ്നി ഓടിയെത്തി. എന്നാൽ നന്ദു യാദവിനെ ആക്രമിക്കുന്നത് കഴുതപ്പുലികൾ തുടർന്നുകൊണ്ടിരുന്നു. ഭാരമുള്ള വടി വലിച്ചെടുത്ത് സുഗ്നി കഴുതപ്പുലിയുടെ തലയിൽ ശക്തിയായി അടിച്ചു. കഴുതപ്പുലി ചാകുന്നത് വരെ അവർ അടി തുടരുകയും ചെയ്തു. 
നന്ദു യാദവിന്റെ കൈകൾക്കും കാലുകൾക്കും അരക്കെട്ടിനും പരിക്കേറ്റു. നന്ദു അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഭാര്യയുടെ ധീരത ഗ്രാമീണരുടെ പ്രശംസ പിടിച്ചുപറ്റി. 

Latest News