സൗമ്യയുടെ മരണം സത്യം വെളിപ്പെടുത്താന്‍ ഒരുങ്ങിയ ശേഷം; ക്രൈംബ്രാഞ്ചിന് വിട്ടേക്കും

കണ്ണൂര്‍- പിണറായി കൂട്ടക്കൊലക്കേസ് പുനരന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടേക്കും. ജയിലില്‍ ആത്മഹത്യ ചെയ്ത ഏക പ്രതി സൗമ്യയിലെ ഡയറിക്കുറിപ്പിലെ പരാമര്‍ശങ്ങളും ബന്ധുക്കള്‍ അടക്കമുള്ളവരുടെ പരാതിയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നാണറിവ്. അതിനിടെ സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജയില്‍ ഡി.ഐ.ജി എസ്.സന്തോഷ്, ജയില്‍ ഡി.ജി.പിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാല് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്കു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തുവെന്നാണ് സൂചന.  
പിണറായി കൂട്ടക്കൊലക്കു പിന്നില്‍ മറ്റ് ചിലരുണ്ടെന്നും, ഭരണ സ്വാധീനത്താല്‍ ഇവരെ ഒഴിവാക്കി സൗമ്യയെ മാത്രം പ്രതിയാക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നത്. ഇക്കാരണത്താലാണ് ബന്ധുക്കള്‍ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചതും. തടവുകാരുടെ അവകാശ സംരക്ഷണത്തിനായുള്ള സംഘടനയും കേസില്‍ പുനന്വേഷണം ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ ആത്മഹത്യചെയ്ത സൗമ്യയുടെ ഡയറക്കുറിപ്പുകളില്‍ സംഭവത്തില്‍ ഒരാളുടെ പങ്കു കൂടി വെളിപ്പെടുത്തുന്നുണ്ട്. അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസായതിനാല്‍ പുനരഅന്വേഷണത്തിന് കോടതി അനുമതി ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ നിയമോപദേശം തേടും.
ജയിലില്‍ നിന്നും ലഭിച്ച ആറ് ഡയറികള്‍ കേസന്വേഷിക്കുന്ന ടൗണ്‍ സി.ഐ രത്‌നകുമാര്‍ പരിശോധിച്ചു വരികയാണ്. ഇതില്‍ പലയിടത്തും ഒരാളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇയാളെ കൊലപ്പെടുത്തി യഥാര്‍ഥ കൊലയാളിയായി താന്‍ വീണ്ടും ജയിലിലെത്തുമെന്ന് മകളെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിലും താന്‍ നിരപരാധിയാണെന്നാണ് സൗമ്യ കുറിച്ചിരിക്കുന്നത്. മരണത്തിനു ഏതാനും ദിവസം മുമ്പ് ജയിലില്‍ നിയമ സഹായം നല്‍കാനായി എത്തിയ ലീഗല്‍ സര്‍വീസ് പ്രവര്‍ത്തകരോട്, തനിക്കു മജിസ്‌ട്രേറ്റു മുമ്പാകെ ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് സൗമ്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മരണം.
അതിനിടെ സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം വകുപ്പു തല അന്വേഷണത്തിനായി ജയിലിലെത്തിയ ഡി.ഐ.ജി സന്തോഷ്, എട്ടു മണിക്കൂറോളമാണ് വിവിധ ജീവനക്കാരുമായി സംസാരിച്ചതും വിശദാംശങ്ങള്‍ ശേഖരിച്ചതും. മരിച്ച ദിവസം രാവിലെ 9.30 വരെ സൗമ്യ, സെല്ലില്‍ തടവുകാരുമായി സംസാരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉണ്ട്. അതിനുശേഷമാണ് ജോലിക്കായി പുറത്തു പോയതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും.
                

 

Latest News