Sorry, you need to enable JavaScript to visit this website.

VIDEO - നായ്ക്കള്‍ ബി. ജെ. പിക്ക് എന്ത് ഉപദ്രവമാണ് ചെയ്തതെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ജാര്‍ഖണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നായ്ക്കുട്ടിക്ക് ബിസ്‌ക്കറ്റ് നല്‍കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. നായ്ക്കുട്ടിയെ ലാളിക്കുന്ന രാഹുല്‍ ഗാന്ധി അതിന് ബിസ്‌ക്കറ്റ് നല്‍കുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ ബിസ്‌ക്കറ്റ് കഴിക്കാന്‍ നായ്ക്കുട്ടി വിസമ്മതിക്കുമ്പോള്‍  അദ്ദേഹം തന്നോട് സംസാരിക്കുന്ന ഒരാള്‍ക്ക് ആ ബിസ്‌ക്കറ്റ് നല്‍കുകയാണ്. ഇതിനെതിരെയാണ് ബി. ജെ. പി ആരോപണവുമായി രംഗത്തെത്തിയത്. തന്റെ അനുഭാവികളോട് നായ്ക്കളെപ്പോലെയാണ് രാഹുല്‍ ഗാന്ധി പെരുമാറുന്നതെന്നാണ് വീഡിയോയില്‍ മനസ്സിലാകുന്നതെന്നായിരുന്നു ബി. ജെ. പിയുടെ ആരോപണം. 

നായ്ക്കള്‍ ബി. ജെ. പിക്ക് എന്ത് ഉപദ്രവമാണ് ചെയ്തതെന്ന ചോദ്യവുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. വീഡിയോയില്‍ താന്‍ ബിസ്‌ക്കറ്റ് കൈമാറിയ മനുഷ്യന്‍ നായയുടെ ഉടമസ്ഥനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

താന്‍ പട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഭയന്നുവെന്നും അതുകൊണ്ട് നായയുടെ ഉടമയ്ക്ക് ബിസ്‌ക്കറ്റ് കൈമാറുകയായിരുന്നുവെന്നും അതോടെ നായ ബിസ്‌ക്കറ്റ് തിന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ബി. ജെ. പിയുടെ പ്രശ്‌നം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ. എന്‍. ഐ പങ്കുവച്ചു.

വീഡിയോയിലുള്ളയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന ബി. ജെ. പിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്നും രാഹുല്‍ ഗാന്ധി മറുപടി നല്‍കി. 

നായയുടെ പേരില്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ താന്‍ നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ നായയുമായി ബന്ധപ്പെട്ട അനുഭവമുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തി. താനും ഏതാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ത്തു നായ ബിസ്‌ക്കറ്റ് കഴിക്കുന്ന പ്ലേറ്റില്‍ നിന്നുമെടുത്ത് തങ്ങള്‍ക്കും അത് നല്‍കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. അതോടെ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ഗൗരവമില്ലെന്ന് തിരിച്ചറിഞ്ഞെന്നും തൊട്ടുപിന്നാലെ കോണ്‍ഗ്രസ് വിട്ടുവെന്നുമാണ് ഹിമന്ത് ബിശ്വശര്‍മയുടെ ആരോപണം. 

താന്‍ അഭിമാനിയായ ആസാമിയും ഇന്ത്യക്കാരനുമാണെന്നും കുടുംബം മുഴുവന്‍ ശ്രമിച്ചാലും തന്നെകൊണ്ട് ആ ബിസ്‌ക്കറ്റ് കഴിപ്പിക്കാന്‍ കഴിയില്ലെന്നും ഹിമന്ത് പറഞ്ഞു. 

ഒരു പാര്‍ട്ടിയുടെ രാജകുമാരന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് നായ്ക്കളെപ്പോലെ പെരുമാറുമ്പോള്‍ വംശനാശം സംഭവിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു മറ്റൊരു ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞത്.

Latest News