Sorry, you need to enable JavaScript to visit this website.

'പത്മ'യുടെയും 'എ ഐ'യുടെയും കാലം!

'മഴ തോർന്നാലും മരം പെയ്തുകൊണ്ടേയിരിക്കും' എന്നാണ് പഴമൊഴി. മൊഴ നിത്യഹരിതമെന്നതാണ് നേര്. പ്രതിപക്ഷ നേതാവും സംഘടന യജ്ഞങ്ങളുടെ പരികർമിയുമായ സതീശനാശാന് 'പത്മ അവാർഡു'കളിലെ അനീതി കണ്ട ശേഷം കണ്ണുനീർ തോർന്നിട്ടില്ല. ഇത്തവണ അവാർഡിതരായ വരെ പാട്ടിനു വിട്ടേക്കാം. പിണക്കിയാൽ ലോക്‌സഭ തെരഞ്ഞെടുപ്പു മുതൽ വോട്ടു ചോർച്ച നിലയ്ക്കാതെയുണ്ടാകും. നാൽക്കാലിയുടെ ആർത്തവത്തിൽ അശുദ്ധി കണ്ടെത്താത്തവരോ, പശുവിന്റെ വിസർജനത്തിൽ സ്വർണത്തരി കണ്ടെത്തുന്നവരോ 'പത്മ' അവാർഡ് അടിച്ചെടുക്കുന്നതിൽ പരാതിയില്ല. വാസ്തു ശാസ്ത്ര നിയമം പാലിക്കാതെ മന്ദിരം പണിഞ്ഞതു നിമിത്തമാണ് കേരള നിയമസഭയിൽ വഴക്കും വക്കാണവും ഒഴിയാത്തതെന്ന് ഉൾവിളി രേഖപ്പെടുത്തി തമ്പുരാട്ടിക്ക് 'പത്മം'കിട്ടി. ഇന്ത്യയിലെ മറ്റു സംസ്ഥാന നിയമസഭകളിൽ നടക്കുന്നതൊന്നും പാവം രാജകുമാരി അറിയുന്നില്ല. കൃത്യമായി പത്രം വായിക്കുകയോ ചാനൽ വാർത്തകൾ കാണുകയോ ചെയ്യാറുണ്ടോ എന്നറിയില്ല; വോട്ടു ചെയ്യാൻ പോകാറില്ലെന്ന് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നു; ആകയാൽ പരാതി ആർക്കുമില്ല!
ഏതായാലു സതീശൻജി പത്മ പുരസ്‌കാരം ലഭിക്കാതെ പോയവരുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദോഷം പറയുകയല്ല; അതിൽ നാലായിരത്തിൽ അധികം പേരുകൾ വിട്ടുപോയിട്ടുണ്ട്. 'പത്മ'യെ മോഹിച്ച് കഴിഞ്ഞ ഇരുപതു വർഷങ്ങളായി നെടുമ്പാശ്ശേരി - തിരുവനന്തപുരം - ദില്ലി യാത്ര ഒരു തീർഥയാത്രയാക്കിയവരെ നാട്ടുകാർക്കറിയാം; മാനനഷ്ടക്കേസ് ഭയന്നു പരസ്യപ്പെടുത്താറില്ലെന്നു മാത്രം! എന്നാൽ സതീശൻ ആ കീഴ്‌വഴക്കം ലംഘിച്ചു. 'പത്മമോഹികൾ' ഇപ്പോൾ മാസ്‌ക് ധരിച്ചാണ് യാത്ര. കാരശ്ശേരി മാഷ് മാത്രം തനിക്ക് അർഹതയില്ലെന്നു തുറന്നു പറഞ്ഞു. എന്നാലെന്ത്, ആശാനോടു നന്ദി പറയാൻ മറന്നില്ല. യു.ഡി.എഫിന്റെ ഇനി വരാൻ പോകുന്ന ഭരണ കാലത്തെക്കുറിച്ച് അതിൽ ഒരു പ്രതീക്ഷയുണ്ട് എന്നു ശങ്കിക്കാം.
അന്നൊരു കൊള്ളാവുന്ന പദവി മോഹിക്കാത്ത ആരുണ്ടാകും, ഈ കേരള ദുനിയാവിൽ? 'പത്മ'യെ പോകാൻ പറ! അനുവാദമില്ലാതെ അവശരുടെ പട്ടികയിൽപ്പെടുത്തിയതിന് 'മാനഹാനിക്കു' നോട്ടീയസക്കാൻ പലരും മടിക്കുന്നതിനുള്ള ഏക കാരണം കോൺഗ്രസിന്റെ ദയനീയാവസ്ഥ മാത്രമാണ്. വക്കീൽ നോട്ടീസിനു മറുപടി അയക്കാനുള്ള ശേഷി പോലും അവർക്ക് അവശേഷിക്കുന്നുണ്ടോ എന്നു സംശയമാണ്.
****                            ****                               ****
ഇടുക്കിയിൽ ലോക്‌സഭ സീറ്റിനായി ചുമരെഴുത്തു തുടങ്ങിയത്രേ! തിരുവനന്തപുരത്തും തൃശൂരിലും നേരത്തേ തുടങ്ങി. അതങ്ങനെയാണ് ഒന്ന് തലസ്ഥാനവും മറ്റൊന്നു സാംസ്‌കാരിക തലസ്ഥാനവും. രണ്ടിന്റെയും ചുമരുകൾ വൃത്തികേടാക്കുന്നതിനാണ് മുൻഗണന; റോഡുകൾ വെട്ടിക്കുഴിക്കുന്നതു പോലെ തന്നെ. ഏതായാലും കേരളാ കോൺഗ്രസിനു വീണ്ടും നല്ല കാലം പിറന്നു. റബറിന്റെ വിലയിന്മേൽ സീറ്റിന്റെ  വില പേശൽ തുടങ്ങുകയായി. യു.ഡി.എഫിനു ചുമരെഴുതാൻ വീട്ടുടമ നൽകിയ പെർമിറ്റിന്റെ കോപ്പിയുണ്ട് ജോസഫ് ഗ്രൂപ്പിന്റെ കൈയിൽ. അതേ ചുമരിൽ ആരുടെ പിൻബലത്തോടെയാണ് കുഞ്ഞുമാണി മകൻ ജോസ് മോനും കൂട്ടരും കടന്നു കയറിയതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 'ഡിഫി'ക്കും എസ്.എഫ്.ഐക്കും പുറംജോലികൾ വേറെയുമുണ്ട്. ഗവർണറെ തടയുക എന്ന മിനിമം പരിപാടി കഴിഞ്ഞോ ഇതര 'പിന്തുണ' തുടങ്ങിയ ഓവർടൈം പണിയുള്ളൂ. കുട്ടികൾ ഇനിയും ആ 'ഗവർണർ വിരുദ്ധ സമയം' തുടരുമന്ന്  എം.വി. ഗോവിന്ദൻ ഉറപ്പിച്ചു പറയുന്നു. അദ്ദേഹം പീനൽ കോഡിലെ 124 എ വായിച്ചിട്ടുണ്ടാവില്ല. സഖാവ് സ്‌കൂളിൽ 'ഡ്രില്ല് വാധ്യാർ' ആയിരുന്നതിനാൽ എസ്.എഫ്.ഐ കുട്ടികൾ വരിവരിയായി വന്നു ചേർന്ന് അനുസരിച്ചു കൊള്ളുമെന്നു വിശ്വസിക്കുന്നു. ആ 'തൊഴിൽ പരിചയം' മാത്രമാണ് രക്ഷ. എന്നാൽ ടി വകുപ്പു ചാർത്തി പിള്ളേരെ പിടിച്ച് അകത്തിട്ടാൽ, പിന്നെ പുറത്തിറങ്ങാതിരിക്കുകയാണ് ഭേദം. ഇറങ്ങിയാൽ, തൊഴിലില്ലായ്മ വേതനം മാത്രമേയുള്ളൂ പ്രതീക്ഷ. അടുത്ത കേസ് വഴിയേ പോയാലും വന്നു പിടികൂടുമെന്നാണ് കേന്ദ്ര വിദ്യ ചാനൽ പ്രചാരകർ. ജയിലിലെ പോഷകാഹാരം പോലും തങ്ങളുടെ പിഞ്ചുതലമുറ സഖാക്കൾക്കു മാത്രമായി കിട്ടിക്കോട്ടെ എന്ന നേർവഴിക്കാണ് സഖാവ് ശുദ്ധാത്മാവ് ചിന്തിച്ചത്. 'വാ തുറന്നാൽ മണ്ടത്തരം അല്ലെങ്കിൽ വിവാദം' എന്ന നിലയിലെത്തുന്നത് ഒരു ഭാഗ്യം തന്നെയാണേ!
****                              ****                                 ****
ഉത്തരേന്ത്യയിലെ ശൈത്യത്തിനു മറുമരുന്നായി അസം മുഖ്യമന്ത്രി ഒരു രഹസ്യം പുറത്തുവിട്ടു; ഏതു സംസ്ഥാനത്തും ലേശം ചൂട് അനുഭവപ്പെടാവുന്ന ഒരു വാർത്ത: ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധി ഒറിജിനലല്ല' അദ്ദേഹത്തിന്റെ ഡ്യൂപ്പാണെന്ന്. വൃത്താന്തം കേട്ടു ഞെട്ടണോ അതോ പടക്കം പൊട്ടിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് വടക്കേ നിവാസികൾ. മഞ്ഞുകാലത്ത് രാഹുൽ കാനഡയിലോ ഇറ്റലിയിലോ ആകുന്നതാണ് പതിവെന്ന് മുഖ്യമന്ത്രി ശർമ കരുതുന്നു. 'ഡ്യൂപ്പാ'ണെങ്കിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അതിൽ കൈയുണ്ടോ എന്നന്വേഷിക്കണം. ഇക്കണക്കിന് പോയാൽ നാളെ പ്രിയങ്ക കേരളത്തിലും കശ്മീരിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടെന്നു വരാം. മേനക ഗാന്ധിയെ അക്ബർ റോഡിലെ കോൺഗ്രസ് വസതിയിൽ കണ്ടെന്നു വരാം. പോട്ടെ, അവയെല്ലാം സംഘടനക്ക് ഒന്നുകിൽ കരുത്തോ അല്ലെങ്കിൽ കുതികാൽവെട്ടോ സമ്മാനിച്ചേക്കാം. പക്ഷേ, ബിഹാറില 19 കോൺഗസ്  എമ്മെല്ലേമാരിൽ ഒമ്പതു പേരെ കാണാനില്ലെങ്കിലോ? എന്നും ചത്താൽ കരയാൻ ആളുണ്ടാകില്ലെന്ന ചൊല്ലുപോലെ വടക്ക് ആരും ഞെട്ടിയതായി അറിയില്ല. കോൺഗ്രസിനെ നാട്ടുകാർ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ 'എ ഐ' സ്വാധീനം സംശയിക്കണം. കേവലം ഒരു സീറ്റിന്റെ ഭൂരിപക്ഷമാണ് ബിഹാറിൽ നിതീഷ് കുമാറിന് നിലവിലുള്ളത്. നിയമസഭ ചേരുമ്പേൾ ഒന്നു പത്തായി മാറുമോ എന്നു പറയാൻ കഴിയില്ല.
****                            ****                  ****
ഇന്ത്യ മുന്നണിയുടെ വഞ്ചി തിരുനക്കര തന്നെ. കടലിൽ ഇറക്കാൻ നിവൃത്തിയില്ല. ബംഗാളിൽ ഒന്നു ചായക്കടയിൽ കയറണമെങ്കിൽ മമത ഭരണത്തിന്റെ അനുമതി വാങ്ങണം. രാഹുൽജിക്കാണെങ്കിൽ വഴിവക്കിലെ ആഹാരത്തോടു വല്ലാത്ത കമ്പവും! മുന്നണി പൊളിയാൻ മറ്റന്തെങ്കിലും വേണോ? വേണമെങ്കിൽ, അതിനുള്ള 'കോപ്പ്' കെജ്‌രിവാളും സ്റ്റാലിൻ സഖാവും ചേർന്നു ദിവസവും പുറത്തിറക്കുന്നുമുണ്ട്. ആദ്യരാത്രിയിൽ തന്നെ പിരിഞ്ഞ വിവാഹ ബന്ധമായി ടി മുന്നണി മാറുമോ? ശേഷം വെള്ളിത്തിരയിൽ!
****                              ****                    ****
പണ്ട് 'നീലക്കൊടുവേലി' എന്ന ആയുർവേദ സസ്യം അപൂർവമായിരുന്നു. 'ദിവ്യം' എന്നായിരുന്നു സ്ഥാനപ്പേര്. ഇന്ന് സംസ്ഥാനത്ത് ആ പദവി പനിക്കുള്ള ഗുളികകൾ പോലും അടിച്ചെടുത്തിരിക്കുന്നു. 'കാരുണ്യ ഫാർമസി'കൾ വഴി ലഭിക്കുമെന്ന് മന്ത്രി! ക്ലിഫ് ഹൗസിനടുത്ത മെഡിക്കൽ ഷോപ്പിനെയാകാം ഉദ്ദേശിച്ചത്. മരുന്നുകൾ വിവിധ തരം പെൻഷനുകൾ എന്നിവയും 'നീലക്കൊടുവേലി'യുടെ പദവിയിലേക്ക് ഉയർന്നിരിക്കുന്നതാണ് പുത്തൻ കാഴ്ച!
 

Latest News