Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ സമരത്തിന് തയാറെടുത്ത് കേരളം, എം.കെ സ്റ്റാലിന്റെ ഐക്യദാര്‍ഢ്യം

ന്യൂദല്‍ഹി- കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പ്രതിഷേധം സമരം വ്യായാഴ്ച. ദല്‍ഹിയിലെ കേരളാ ഹൗസിന് തൊട്ടടുത്തുള്ള ജന്തര്‍മന്ദറിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജന്തര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ദല്‍ഹി പോലീസ് ഇന്നലെ അനുമതി നല്‍കി. ജന്ദര്‍മന്ദറില്‍ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികളോട് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് നടന്ന ചര്‍ച്ചയില്‍ ജന്ദര്‍മന്തറില്‍ തന്നെ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ദല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കത്തയച്ചു. കറുത്ത വസ്ത്രം ധരിച്ച് ഡിഎംകെ നേതാക്കളും സമരത്തില്‍ പങ്കുചേരുമെന്ന് സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കേരള ഹൗസില്‍നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും മാര്‍ച്ച് നടത്തിയാകും ജന്തര്‍മന്ദറിലെ പ്രതിഷേധ സ്ഥലത്ത് എത്തുക. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി മന്ത്രിമാരും എം എല്‍ എമാരും ദല്‍ഹിയില്‍ എത്തി തുടങ്ങിയിട്ടുണ്ട്.  മന്ത്രിമാരായ ജി.ആര്‍ അനില്‍, റോഷി അഗസ്റ്റിന്‍, എകെ ശശീന്ദ്രന്‍, ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ ഇതിനകം ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ശേഷിക്കുന്ന മന്ത്രിമാരും എം എല്‍ എമാരും ബുധനാഴ്ച ദല്‍ഹിയില്‍ എത്തും.

 

Latest News