പകരം വെക്കാനില്ലാത്ത മാനവസേവ: റിലീഫുകള്‍ക്ക് സൗദി ചെലവഴിച്ചത് 12,700 കോടി ഡോളര്‍

സകാക്ക - ഇരുപത്തിയേഴു വര്‍ഷത്തിനിടെ ലോകത്ത് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ 12,700 കോടി ഡോളര്‍ ചെലവഴിച്ചതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ അല്‍ജൗഫ് യൂനിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. അബ്ദുല്ല അല്‍റബീഅ. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ കരങ്ങളാല്‍ സ്ഥാപിതമായതു മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കുമിടെ വിദേശ രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ നിരന്തരം സഹായങ്ങള്‍ നല്‍കുന്നുണ്ട്. മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ച് 1996 മുതല്‍ ഇതുവരെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ 12,700 കോടിയിലേറെ ഡോളര്‍ ചെലവഴിച്ചു. ഇതിന്റെ പ്രയോജനം 169 രാജ്യങ്ങള്‍ക്ക് ലഭിച്ചു.
ഗാസയില്‍ ഫലസ്തീനികള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശം ലഭിച്ച് ഏഴു മണിക്കൂറിനകം റിലീഫ് വസ്തുക്കള്‍ വഹിച്ച സൗദി വിമാനങ്ങള്‍ ഈജിപ്തിലെ അല്‍അരീശ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയും റിലീഫ് വസ്തുക്കള്‍ വഹിച്ച വാഹനവ്യൂഹം ഈജിപ്ത്, ഗാസ അതിര്‍ത്തിയിലെ റഫ ക്രോസിംഗ് കവാടത്തില്‍ എത്തുകയും ചെയ്തു. ഇതുവരെ 38 വിമാന ലോഡ് റിലീഫ് വസ്തുക്കളാണ് ഗാസയിലേക്ക് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അയച്ചത്. ആറു കപ്പല്‍ ലോഡ് റിലീഫ് വസ്തുക്കളും അയച്ചു. കപ്പലുകളിലും വിമാനങ്ങളിലുമായി ആകെ 5,795 ടണ്‍ റിലീഫ് വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്. കൂടാതെ 20 ആംബുലന്‍സുകളും അയച്ചു. ഫലസ്തീനികള്‍ക്കുള്ള ജനകീയ സംഭാവന ശേഖരണ യജ്ഞത്തിലൂടെ ഇതുവരെ 50 കോടിയിലേറെ റിയാല്‍ സമാഹരിക്കാന്‍ സാധിച്ചു. 17 ലക്ഷത്തിലേറെ പേര്‍ കാമ്പയിനില്‍ പങ്കാളിത്തം വഹിച്ച് സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടുവന്നു.
സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം 2015 മെയ് 13 ന് ആണ് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സ്ഥാപിച്ചത്. വിദേശങ്ങളില്‍ റിലീഫ് വസ്തുക്കളും സഹായങ്ങളും എത്തിക്കാന്‍ ചുമതലപ്പെട്ട ഏക സൗദി ഏജന്‍സിയാണിത്. സുതാര്യത, നിഷ്പക്ഷത, വിവേചനമില്ലായ്മ എന്നീ തത്വങ്ങളില്‍ ഊന്നിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
സ്ഥാപിതമായതു മുതല്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ 175 മേഖലാ, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് 600 കോടിയിലേറെ റിയാല്‍ ചെലവഴിച്ച് ലോകത്തെ 95 രാജ്യങ്ങളില്‍ 2,670 റിലീഫ്, ജീവകാരുണ്യ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. മൈനുകള്‍ നീക്കം ചെയ്യുന്ന പദ്ധതി, അംഗഭംഗം നേരിട്ടവര്‍ക്ക് കൃത്രിമ അവയവങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി, യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്ത കുട്ടികളുടെ പുനരധിവാസ പദ്ധതി എന്നിവ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ യെമനില്‍ നടപ്പാക്കുന്നു. കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ വഴി 38 രാജ്യങ്ങളില്‍ 582 സൗജന്യ ശസ്ത്രക്രിയാ പദ്ധതികളും ഇതുവരെ നടപ്പാക്കി. ഈ പദ്ധതികള്‍ക്കു കീഴില്‍ ആകെ ഒന്നര ലക്ഷത്തിലേറെ ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള സൗദി പദ്ധതിയുടെ ഭാഗമായി ഇതുവരെ 24 രാജ്യങ്ങളില്‍ നിന്നുള്ള 133 സയാമിസ് ഇരട്ടകളുടെ കേസുകള്‍ പഠിച്ചതായും 59 വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയകള്‍ നടത്തിയതായും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.

 

Latest News