Sorry, you need to enable JavaScript to visit this website.

എട്ടു വര്‍ഷത്തിന്‌ശേഷം ഭാരതപ്പുഴയില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു

പാലക്കാട്- എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ഭാരതപ്പുഴയില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു. പുഴകളില്‍ നിന്ന് മണല്‍ വാരാമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഇത്. 2016നു ശേഷം ഭാരതപ്പുഴയില്‍ നിന്ന് മണലെടുത്തിട്ടില്ല. ബജറ്റ് പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ റവന്യൂ വകുപ്പ് പുഴയില്‍ നിന്ന് വാരാവുന്ന മണലിന്റെ കണക്കെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മൂന്ന് നഗരസഭകള്‍ക്കും നാല് ഗ്രാമപ്പഞ്ചായത്തുകള്‍ക്കും തൃശൂര്‍ ജില്ലയിലെ രണ്ട് ഗ്രാമപ്പഞ്ചായത്തു കള്‍ക്കും മണലെടുക്കുന്നതിന് അനുമതി ലഭിക്കും. മണല്‍ വാരുന്നതിന് 13 കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് 4.25 ലക്ഷം ടണ്‍ മണല്‍ എടുക്കാനാവുമെന്നാണ് റവന്യൂവകുപ്പിന്റെ കണക്ക്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ നഗരസഭകള്‍ക്കും ഓങ്ങല്ലൂര്‍, മുതുതല, പട്ടിത്തറ, ആനക്കര പഞ്ചായത്തുകള്‍ക്കും തൃശൂര്‍ ജില്ലയിലെ പാഞ്ഞാള്‍, ദേശമംഗലം പഞ്ചായത്തുകള്‍ക്കുമാണ് മണലെടുക്കുന്നതിന് അനുമതി ലഭിക്കുക. കടവില്ലാത്തതിനാല്‍ വാണിയംകുളം പഞ്ചായത്തിന് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണം ലഭിക്കില്ല.
പുഴകളില്‍ നിന്ന് മണലെടുക്കാനുള്ള തീരുമാനം വരുമെന്ന കണക്കുകൂട്ടലില്‍ റവന്യൂ വകുപ്പ് നേരത്തേ തന്നെ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരുന്നു. എട്ടു വര്‍ഷമായി മണലെടുക്കുന്നത് ഉപേക്ഷിച്ചതിനാലും തുടര്‍ച്ചയായി രണ്ട് പ്രളയങ്ങള്‍ ഉണ്ടായതിനാലും പുഴയില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. 48.16 ഹെക്ടര്‍ സ്ഥലത്താണ് മണല്‍ ശേഖരം രൂപപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ റവന്യൂവകുപ്പ് കുറ്റി നാട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് മണല്‍വാരല്‍ ആരംഭിക്കാനാണ് നീക്കം. സാമ്പത്തികബുദ്ധിമ്മുട്ടു മൂലം നട്ടം തിരിയുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ താല്‍പര്യമുണ്ട്. പുഴയിലെ മണല്‍ കുറയുന്നത് പ്രളയഭീഷണി കുറക്കുമെന്നതാണ് റവന്യൂ വകുപ്പിന്റെ മറ്റൊരു നിഗമനം.  
സമ്മിശ്രപ്രതികരണമാണ് വിഷയത്തില്‍ ഉയരുന്നത്. പുഴയില്‍ നിന്ന് മണലെടുക്കുന്നത് നിര്‍മ്മാണ മേഖലക്ക് ഉണര്‍വ്വ് പകരുമെന്നതിനാല്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മണലെടുപ്പ് നിര്‍ത്തിയതോടെ ഭാരതപ്പുഴയുടെ സംഭരണശേഷി വര്‍ദ്ധിച്ചുവെന്നും പുതിയ നീക്കം പുഴയുടെ സര്‍വ്വനാശത്തിലേ കലാശിക്കുകയുള്ളൂ എന്നുമാണ് അവരുടെ വിമര്‍ശനം. വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്നില്‍ നിര്‍ത്തി മണല്‍കൊള്ള നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യു.ഡി.എഫും ബി.ജെ.പിയും കുറ്റപ്പെടുത്തുന്നു. പുഴയുടെ സംരക്ഷണത്തിന് ബജറ്റില്‍ ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

 

Latest News