തൃശൂരില്‍ ഇടതുപക്ഷം അനങ്ങാത്തതെന്ത്, അമര്‍ഷംപൂണ്ട് അണികള്‍

തൃശൂര്‍ - കോണ്‍ഗ്രസും ബിജെപിയും ലോക്‌സഭ തെരഞ്ഞെടുപ്പു പ്രചരണങ്ങളുടെ മുന്നൊരുക്കങ്ങള്‍ സജീവമായി തൃശൂരില്‍ ആരംഭിച്ചിട്ടും തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ അനങ്ങാതിരിക്കുന്നതില്‍ ഇടതുപക്ഷത്തിന് അമര്‍ഷം. പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പോരാട്ട മുന്നൊരുക്കങ്ങളില്‍ ഏറ്റവും പിന്നിലായതില്‍ രഹസ്യമായി പല ഇടതുനേതാക്കളും പ്രതികരിക്കുന്നുണ്ട്.
ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി പ്രചരണരംഗത്തും തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലും മുന്നിലെത്താറുള്ള ഇടതുപക്ഷം കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തില്‍ തണുപ്പന്‍ പ്രകടനം കാഴ്ചവെക്കുന്നതില്‍ ഏറ്റവും പിന്നിലാണിപ്പോഴെന്ന് പരക്കെ അഭിപ്രായമുണ്ട്.
തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാര്‍ തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായിട്ടും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നതില്‍ സിപിഐക്കുള്ളിലും പ്രതിഷേധമുണ്ട്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പാഞ്ചജന്യം മുഴക്കി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തൃശൂരിലെത്തിയതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസും പോരാട്ടത്തിന് തയ്യാറായെന്ന് പ്രഖ്യാപിച്ച്  ഒരുലക്ഷത്തോളം ആളുകളെ അണിനിരത്തിയ മഹാജനസഭയെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് മഹായുദ്ധത്തിന് കാഹളം മുഴക്കിയത്.
ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട രണ്ടു പരിപാടികളും നടന്ന തൃശൂരില്‍ നിന്ന് തന്നെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണമഹായുദ്ധത്തിന് തുടക്കം കുറിക്കണമെന്ന അഭിപ്രായം പല കോണില്‍ നിന്നും ഉയരുന്നുണ്ട്.
തൃശൂരില്‍ സി.പി.ഐ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് മിണ്ടുന്നതുപോലുമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയരുന്ന ആക്ഷേപം.
തൃശൂരില്‍ സി.പി.ഐയുടെ സുനില്‍കുമാറിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇനിയും തീരുമാനമാകാത്തതില്‍ പരക്കെ ആശങ്കയും ആശയക്കുഴപ്പവുമുണ്ട്.
നിലവില്‍ ടി.എന്‍. പ്രതാപന്‍ പറഞ്ഞതു പോലെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമായി തൃശൂര്‍ മാറുന്നുവെന്ന പ്രതീതിയാണ് എങ്ങും. ഇടതുപക്ഷക്യാന്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതും സുനിലിനു വേണ്ടി സോഷ്യല്‍മീഡിയയില്‍ പ്രചരണം തുടങ്ങിയവരെ സിപിഐ വിലക്കിയതും എല്‍.ഡി.എഫില്‍ അപസ്വരമുയര്‍ത്തിയിട്ടുണ്ട്.
സുനില്‍കുമാറിനൊപ്പം രാജാജി മാത്യു തോമസ്, സി.എന്‍.ജയദേവന്‍, കെ.പി.രാജേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.
രാമായണ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് സിപിഐക്ക് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും പുതുതായുണ്ട്.

 

Latest News