Sorry, you need to enable JavaScript to visit this website.

ഡോ വന്ദനാ ദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന പിതാവിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി - ഡോ വന്ദനാ ദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അപൂര്‍വ്വമായ സാഹചര്യം കേസില്‍ ഇല്ലെന്നും സന്ദീപ് മാത്രമാണ് ഏക പ്രതിയെന്നും ഇയാള്‍ അന്ന് തന്നെ അറസ്റ്റിലായിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.  ഉദ്യോഗസ്ഥര്‍ക്ക് എതിരെ കണ്ടെത്തലൊന്നും ഈ കേസില്‍ ഇല്ല, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. .അന്വേഷണത്തില്‍ ഇടപെടാന്‍ സാഹചര്യമൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 

സന്ദീപിനൊപ്പമുണ്ടായിരുന്ന പോലീസിന്റെ  ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകള്‍ ഒഴിച്ചാല്‍ അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകളൊന്നും ഹരജിക്കാര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിലെന്നും കോടതി വിലയിരുത്തി. പ്രതികളുടെ ആക്രമണത്തില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനല്‍ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

അതേസമയം  പ്രതി സന്ദീപിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണക്കുള്ള നടപടി തുടങ്ങുകയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ  നിയമിച്ചു കഴിഞ്ഞു , വളരെ ആഴത്തിലുള്ള മുറിവുകളാണ് വന്ദനയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.  പ്രതിയുടെ മുന്‍കാല ചരിത്രം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളുന്നതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 

മെയ് 10 ന് പുലര്‍ച്ചെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനാ ദാസിനെ പോലീസ് ചികിത്സയ്‌ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പോലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News