വീട് വാങ്ങലില്‍ പുതിയ പരീക്ഷണം, ഇ കോമേഴ്‌സ് വഴി എളുപ്പത്തില്‍ മടക്കിവെക്കാവുന്ന വീടുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടുന്നു

ലോസ്ഏഞ്ചല്‍സ് - ഇ കോമേഴ്‌സ് കമ്പനികള്‍ വഴി എളുപ്പത്തില്‍ മടക്കിവെക്കാവുന്ന വീടുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടുന്നു. പുതിയ തലമുറയില്‍ പെട്ടവര്‍ വീട് വാങ്ങലിനെക്കുറിച്ച് കൂടുതല്‍ ക്രിയാത്മകമായി ചിന്തിക്കുകയും വീടുകള്‍ നിര്‍മ്മിക്കുന്നതിന് പകരം റെഡിമെയ്ഡ് വീടുകള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതി നടക്കുകയും ചെയ്യുകയാണ്. യു എസിലെ പ്രമുഖ ടിക് ടോക്കറായ യുവാവ് 21 ലക്ഷത്തോളെ രൂപ മുടക്കി ആമസോണില്‍ നിന്ന് വീട് വാങ്ങിയത്  ഇപ്പോള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. വീട് വാങ്ങിയതിനെക്കുറിച്ചും അതിലെ സൗകര്യങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട്  ടിക്ടോക്കര്‍ പങ്കുവെച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

''ഞാന്‍ ഇപ്പോള്‍ ആമസോണില്‍ ഒരു വീട് വാങ്ങി. ഞാന്‍ അതിനെക്കുറിച്ച് രണ്ടുതവണ പോലും ചിന്തിച്ചില്ല, ''ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ടിക് ടോക്കറായ ജെഫ്രി ബ്രയന്റ് പറഞ്ഞു.  , 26,000 ഡോളര്‍, അതായത് ഏകദേശം 21,37,416 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ വിലമതിക്കുന്ന, 16.5 അടി നീളവും 20 അടി വീതിയുമുള്ള മടക്കിവെയ്ക്കാവുന്ന ഒരു വീടാണ് ജെഫ്രി ബ്രയന്റ് വാങ്ങിയത്. ബില്‍റ്റ്-ഇന്‍ ഷവറും ടോയ്ലറ്റും, അടുക്കളയും ലിവിംഗ് ഏരിയയും കിടപ്പുമുറിയും ഈ ചെറിയ വീട്ടിലുണ്ട്. മരിച്ചു പോയ മുത്തച്ഛന്റെ എസ്റ്റേറ്റില്‍ നിന്ന് ഈയിടെ പാരമ്പര്യമായി ലഭിച്ച പണം കൊണ്ടാണ് ജെഫ്രി ഈ വീട് ഇന്റര്‍നെറ്റ് വഴി വാങ്ങിയത്.  ബ്രയന്റ് മാത്രമല്ല, വീട്ടു വാടകയുടെ നിരക്ക് ഉയരുന്നതും സാധാരണ വീടുകള്‍ വാങ്ങാന്‍ വലിയ തുക ആവശ്യമായി വരുന്നതിനാലും നിരവധി പേര്‍  അത്തരം ചെറിയ വീടുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്. വെറും പണം പാഴാക്കല്‍ മാത്രമാണ് ഇതെന്നാണ് അവരുടെ വാദം.  അതേസമയം, താന്‍ ഈ വിട്ടില്‍ താമസിക്കില്ലെന്നും ഭവനരഹിതരായ ആളുകള്‍ക്കോ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കോ വേണ്ടി ഈ വീട് നല്‍കുമെന്നും ജെഫ്രി ബ്രയന്റ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.

Latest News