റിയാദ്- വ്യവസായ നഗരങ്ങളിൽ സൗദി വനിതകൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനുമുള്ള ധാരണാ പത്രത്തിൽ സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിയും വനിതാ, ശിശു സാമൂഹിക കമ്മിറ്റിയും ഒപ്പുവെച്ചു. സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അതോറിറ്റിയെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അൽസാലിമും വനിതാ, ശിശു സാമൂഹിക കമ്മിറ്റിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഹുദ അൽ റുവൈശിദുമാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. അതോറിറ്റിക്കു കീഴിലെ വ്യവസായ നഗരങ്ങളിൽ ഒന്നിൽ വനിതകൾക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും വ്യവസായ മേഖലയിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ധാരണാപത്രം അനുശാസിക്കുന്നു. വ്യവസായ നഗരങ്ങളിൽ വനിതകൾക്ക് എംപ്ലോയ്‌മെന്റ് സേവനം നൽകുന്നതിന് വനിതാ, ശിശു സാമൂഹിക കമ്മിറ്റിക്ക് അതോറിറ്റി അവസരമൊരുക്കും. വ്യവസായ നഗരങ്ങളിൽ വനിതകൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് വനിതാ, ശിശു സാമൂഹിക കമ്മിറ്റിക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി അതോറിറ്റി ആശയവിനിമയം നടത്തുകയും ചെയ്യും.