Sorry, you need to enable JavaScript to visit this website.

തായിഫിലെ ചരിത്രശേഷിപ്പുകള്‍ കാണാന്‍ ഹാജിമാരുടെ തിരക്ക്‌

തായിഫ്- ഇസ്‌ലാമിക ചരിത്ര ശേഷിപ്പുകൾ തേടി തായിഫ് സന്ദർശിക്കാനെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവ്. ഹജ് സീസൺ തുടങ്ങിയതു മുതൽ തായിഫിലേക്ക് ഹാജിമാരുടെ വരവ് തുടങ്ങിയിരുന്നു. ഹജ് കർമങ്ങൾ അവസാനിച്ചതോടെ തീർഥാടകരുടെ വരവ് മുൻ വർഷത്തേക്കാൾ ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തായിഫിലേക്ക് തീർഥാടകരുടെ ഒഴുക്കായിരുന്നു. ദിവസവും ബസുകളിലും ചെറു വാഹനങ്ങളിലുമായി നൂറ് കണക്കിന് ഹാജിമാരാണ് തായിഫിലെത്തുന്നത്. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ട് വരെ തീർഥാടകരുടെ പ്രവാഹമാണ്. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഏറെയുമെത്തുന്നത്. ഇതിൽ പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് തീർഥാടകരാണ് കൂടുതൽ. 
തായിഫ് ഇബ്‌നു അബ്ബാസ് മസ്ജിദ് സന്ദർശിക്കുന്നതിനാണ് ഹാജിമാർ പ്രാമുഖ്യം നൽകുന്നത്. ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രൗഢിയും പൗരാണികതയുടെ അടയാളവും സംയോജിപ്പിച്ച് തായിഫിന്റെ ഹൃദയ ഭാഗത്ത് ഇബിനു അബ്ബാസ് മസ്ജിദ് തലയുയർത്തി നിൽക്കുന്നു. തായിഫ് സൂഖ് ബലദിന് സമീപമാണ് ചരിത്ര പ്രസിദ്ധമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന അർഥം വരുന്ന 'റഈസുൽ മുഫസ്സിരീൻ' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ട പ്രമുഖ സഹാബി അബ്ദുല്ലാഹ് ബിൻ അബ്ബാസ് പ്രവാചകരുടെ വിയോഗാനന്തരം ശിഷ്ടകാലം തായിഫിലാണ് കഴിച്ചുകൂട്ടിയത്. ഇദ്ദേഹത്തിന്റെ പേർ നൽകപ്പെട്ട മസ്ജിദിനോട് ചേർന്ന് പ്രശസ്തമായ ലൈബ്രറിയുമുണ്ട്. ഇസ്‌ലാമിന്റ ഗതകാല സ്മരണകൾ അടങ്ങിയ ഒട്ടനവധി പുസ്തകങ്ങളുള്ള ഈ ലൈബ്രറി സന്ദർശിക്കാനും ഹാജിമാർക്ക് അധികൃതർ സൗകര്യം ചെയ്തിട്ടുണ്ട്. ഇബിനു അബ്ബാസ് മസ്ജിദിൽ ദുഹർ നമസ്‌കാരം നിർവഹിച്ചാണ് ഭൂരിഭാഗം ഹാജിമാരും തായിഫിൽ നിന്നും മടങ്ങുന്നത്. മത്‌നയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള മസ്ജിദ് അൽകൂഹ്, മസ്ജിദ് അൽ മദ്ഹൂൻ എന്നിവിടങ്ങൾ സന്ദർശിക്കാനും ഹാജിമാർ സമയം ചെലവഴിക്കുന്നു. 
തീർഥാടകരുടെ വരവ് വർധിച്ചതോടെ ഇബിനു അബ്ബാസ് മസ്ജിദിന്റെ പരിസരത്ത് തെരുവ് കച്ചവടക്കാരും പിടിമുറുക്കി. അത്തറുകൾ, നമസ്‌കാര പുടവ, വാച്ച്, പാദരക്ഷകൾ, തൊപ്പി, ഇലക്‌ട്രോണിക് സാധനങ്ങൾ തുടങ്ങിയവയാണ് വിൽപ്പനക്കുള്ളത്. ഉംറ സീസണിലും ധാരളം തീർഥാടകർ തായിഫ് സന്ദർശിക്കാൻ എത്താറുണ്ട്.
 

Latest News