Sorry, you need to enable JavaScript to visit this website.

മുന്നേറി മലപ്പുറം; ജില്ലയില്‍ ആരംഭിച്ചത് 8494 സംരംഭങ്ങള്‍

മലപ്പുറം-സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'സംരംഭക വര്‍ഷം' പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയില്‍ ആരംഭിച്ചത് 8494 സംരംഭങ്ങള്‍. 2023 മാര്‍ച്ച് മുതല്‍ 2024 ജനുവരി 31 വരെയുള്ള കണക്കാണിത്. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 619.45 കോടി രൂപയുടെ നിക്ഷേപവും 19,472 തൊഴിലവസരങ്ങളുമാണ് സൃഷ്ടിച്ചത്. വിവിധ പദ്ധതികളിലായി 285 യൂണിറ്റുകള്‍ക്കായി 439.08 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും നല്‍കി. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭകര്‍ക്ക് മാത്രമായുള്ള പി.എം.എഫ്.എം.ഇ പദ്ധതിയില്‍
212 യൂണിറ്റുകള്‍ക്കാണ് സഹായം നല്‍കിയത്. ഇതില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറം ജില്ലയ്ക്ക്.
കഴിഞ്ഞ സംരംഭക വര്‍ഷത്തിലും (2022-23 സാമ്പത്തിക വര്‍ഷം) മികച്ച മുന്നേറ്റമുണ്ടാക്കാന്‍ മലപ്പുറം ജില്ലയ്ക്ക് സാധിച്ചിരുന്നു.  12,428 സംരംഭങ്ങളാണ് ഈ കാലയളവില്‍ ജില്ലയില്‍ ആരംഭിച്ചത്. 812.07 കോടി രൂപയുടെ നിക്ഷേപമാണ് വ്യവസായ രംഗത്തുണ്ടായത്. ഇതിലൂടെ 28,818 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. കൂടാതെ സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളിലായി 162 യൂണിറ്റുകള്‍ക്ക് 348.26 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും നല്‍കിയിരുന്നു.
സംരംഭകര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുക, സബ്സിഡി, വായ്പ, മറ്റ് സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കുക, പ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയ്ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 122 ഇന്റേണുകള്‍ ജോലി ചെയ്തു വരുന്നുണ്ട്. താലൂക്ക് വ്യവസായ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. സംരംഭകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌കും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ സഹായ പദ്ധതികളും സംരംഭകര്‍ക്കായി നല്‍കി വരുന്നുണ്ട്.

 

 

Latest News