ഈ പോലീസ് വാഹനം പ്രവര്‍ത്തിക്കുന്നത് നിര്‍മിത ബുദ്ധിയില്‍, പ്രദര്‍ശിപ്പിച്ച് ആഭ്യന്തര മന്ത്രാലയം

റിയാദ് - റിയാദില്‍ നടക്കുന്ന വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന സുരക്ഷാ വാഹനം പ്രദര്‍ശിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പരിസ്ഥിതി സൗഹൃദമായ ലൂസിഡ് കമ്പനി വൈദ്യുതി കാറാണ് മന്ത്രാലയം പ്രദര്‍ശിപ്പിക്കുന്നത്. ഈ കാര്‍ സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന് പിന്തുണ നല്‍കുന്നു.
വ്യത്യസ്ത ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്താനും ആളുകളുടെ പെരുമാറ്റ സ്വഭാവം നിര്‍ണയിക്കാനും സാധിക്കുന്ന ആറു ക്യാമറകളിലൂടെ നിരവധി ദൗത്യങ്ങള്‍ പുതിയ സുരക്ഷാ വാഹനം നിര്‍വഹിക്കും. ഡാറ്റ വിശകലനം ചെയ്ത് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിലേക്ക് അയക്കാനുള്ള സംവിധാനവും കാറിലുണ്ട്. പട്രോള്‍ പോലീസ് വാഹനം സ്ഥലത്തെത്തുന്നതിനു മുമ്പായി വ്യത്യസ്ത സംഭവങ്ങള്‍ ഡ്രോണ്‍ വഴി നിരീക്ഷിക്കാനും കാറിന് സാധിക്കും. നിയമ ലംഘകരെ നിരീക്ഷിക്കാനുള്ള സ്‌ക്രീനും കാറിനകത്തുണ്ട്.
ആഭ്യന്തര സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാനും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനുമുള്ള പദ്ധതികളും, രാജ്യത്ത് സുരക്ഷ കാത്തുസൂക്ഷിക്കാനും അതിര്‍ത്തി സുരക്ഷിതമാക്കാനും പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യം ചെയ്യാനുമുള്ള ശേഷികളും നൂതന പോംവഴികളും വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ ആഭ്യന്തര മന്ത്രാലയം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

Latest News