Sorry, you need to enable JavaScript to visit this website.

ഇഹ്‌റാം വസ്ത്രം ഇനി പഴയതു പോലെ ആയിരിക്കില്ല

ലോകത്തിന്റെ മുക്കുമൂലകളില്‍നിന്നെത്തിയ ലക്ഷക്കണക്കിന് ഹാജിമാരില്‍ എത്രപേര്‍ ഇക്കുറി നാനോ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച ഇഹ്്‌റാം വസ്ത്രം ധരിച്ചുവെന്നറിയില്ല. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 50 ലക്ഷം പേരെങ്കിലും നാനോ ഇഹ്്‌റാം വസ്ത്രം ധരിക്കുമന്ന കാര്യത്തില്‍ ഈ ആശയത്തിന്റെ ഉപജ്ഞാതാവായ സൗദി പൗരന്‍ അല്‍ യാമിക്ക് സംശയമില്ല.

തീര്‍ഥാടകരെ ബാക്ടീരിയയില്‍നിന്ന് രക്ഷിക്കണമെന്ന ആഗ്രഹത്തോടൊപ്പം ബിസിനസ് ലക്ഷ്യം കൂടി ചേര്‍ന്നതോടെ നാനോ ഇഹ്്‌റാം വസ്ത്രത്തിന്റെ പ്രചാകരനായിരിക്കയാണ് 35 കാരനായ അല്‍ യാമി.

വിശുദ്ധ ഹറമിലെ തറയില്‍വിരിച്ചിരിക്കുന്ന കാര്‍പറ്റുകള്‍ ബാക്ടീരിയ മുക്തമാക്കാന്‍ മക്ക ഉമ്മുല്‍ ഖുറ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നാനോ ടെക്‌നോളജിയാണ് ഉപയോഗിച്ചതെന്ന അറിവാണ് നാനോ പാര്‍ട്ടിക്കിളുകള്‍ എന്തുകൊണ്ട് ഇഹ്്‌റാം വസ്ത്രത്തിലും ഉപയോഗിച്ചുകൂടെന്ന ചിന്തയിലേക്ക് അല്‍യാമിയെ എത്തിച്ചത്.

അതീവ സൂക്ഷ്മ വസ്തുക്കള്‍ ഉപയോഗിക്കുന്ന ടെക്‌നോളജിയാണ് നാനോ. ഒരു നാനോ മീറ്റര്‍ എന്നാല്‍ ഒരു മീറ്ററിന്റെ നൂറുകോടയില്‍ ഒരംശമാണ്. മരുന്നുകളിലും വസ്ത്രങ്ങളിലും ഭക്ഷണത്തിലും ഈ ടക്‌നോളജി ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയതോടെയാണ് നാനോ ടെക്‌നോളജിയും നാനോ പാര്‍ട്ടിക്കിളും പ്രചാരം നേടിയത്.

കാര്‍പറ്റുകള്‍ ബാക്ടീരിയ മുക്തമാക്കാന്‍ ടെക്‌നോളജി ഉപയോഗിക്കാമെങ്കില്‍ ഇഹ്‌റാം വസ്ത്രവും അതു പോലെ ചെയ്യാനാകുമെന്ന ചിന്തയാണ് പിന്നീട് അതിനു പിന്നാലെ സഞ്ചരിക്കാന്‍ അല്‍ യാമിയെ പ്രേരിപ്പിച്ചത്.

ദശലക്ഷക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും ഹജിനും ഉംറക്കുമായി വിശുദ്ധ ഭൂമയിലെത്തുന്നത്. വൃത്തിയും വെടിപ്പും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്താന്‍ സൗദി അറേബ്യന്‍ അധികൃതര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പകര്‍ച്ചവ്യാധി മുക്തമാക്കാന്‍ സാധ്യമാകുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നു. ഇത്തരം മുന്‍കരുതലുകളാണ് വിവിധ രാജ്യങ്ങളില്‍നിന്നായി ലക്ഷക്കണക്കിനാളുകള്‍ എത്തിയിട്ടും ഹജും ഉംറയും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്താത്തത്.

തന്റെ സങ്കല്‍പത്തിലുള്ള ഇഹ്്‌റാം വസ്ത്രം നിര്‍മിക്കുന്നതിന് സോഷ്യല്‍ മീഡിയ വഴിയാണ് അല്‍ യാമി ഡിസൈനറെ കണ്ടെത്തിയത്. ദുബായിലുള്ള ജര്‍മന്‍ ഫാഷന്‍ ഡിസൈനറാണ്  ആദ്യത്തെ നാനോ ഇഹ്്‌റാം വസ്ത്രം ഡിസൈന്‍ ചെയ്തത്.
അല്‍ യാമിയുടെ ആശയത്തില്‍ താല്‍പര്യം തോന്നിയ മക്ക ഗവര്‍ണര്‍ സൗദ് അല്‍ ഫൈസല്‍ രാജുകമാരന്‍ ഇദ്ദേഹത്തെ മക്കയിലെ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കുകയായിരുന്നു. ആശയത്തില്‍ കാമ്പുണ്ടെന്ന് ഗവേഷണ സ്ഥാപനം റിപ്പോര്‍ട്ട് നല്‍കിയതോടെ 35 കാരന്റെ പദ്ധതിക്ക് സഹായം നല്‍കാന്‍ ഗവര്‍ണര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിനും വാണിജ്യ മന്ത്രാലയത്തിനു ശുപാര്‍ശ ചെയ്തു.
തീര്‍ഥാടകരെ സഹായിക്കുന്നതിന് തന്റെ രാജ്യം നടത്തുന്ന ശ്രമങ്ങളില്‍ പങ്കാളിയാകാനും തനിക്ക് എന്നെന്നും പ്രതിഫലം ലഭിക്കാനുതകുന്ന ഒരു സല്‍കര്‍മ്മമാക്കി മാറ്റാനുമാണ് ശ്രമിക്കുന്നതെന്ന് അല്‍ യാമി പറയുന്നു.

 

 

Latest News