Sorry, you need to enable JavaScript to visit this website.

'ആട്ടിൻ തോലിട്ട ചെന്നായ ആരെന്ന് വ്യക്തമാക്കണം'; അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രിയോട് ഓർത്തഡോക്‌സ് സഭ

തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശവുമായി ഓർത്തഡോക്‌സ് സഭ. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കൈയടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചതായി ഓർത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് യുഹാനോൻ മാർ ദിയസ്‌കോറസ് കുറ്റപ്പെടുത്തി. 
 കഴിഞ്ഞ ദിവസം പുത്തൻകുരിശിൽ യാക്കോബായ സഭ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി നടത്തിയ 'ആട്ടിൻ തോലിട്ട ചെന്നായ' എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കിയ ഓർത്തഡോക്‌സ് സഭ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ എക്കാലവും സമാധാനപരമായ നിലപാടാണ് സഭ സ്വീകരിച്ചത്. എന്നാൽ ഓർത്തഡോക്‌സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
 മുഖ്യമന്ത്രി നടത്തുന്നത് കലാപാഹ്വാനമാണ്. സഭാ തർക്കം രൂക്ഷമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മലങ്കര സഭയെ വെട്ടിമുറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. അള മുട്ടിയാൽ ചേരയും കടിക്കും, ഇക്കാര്യം സർക്കാർ ഓർക്കുന്നത് നന്ന്. പോലീസിനെ ഉപയോഗിച്ച് സർക്കാരിന്റെ അട്ടിമറികളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും സഭ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്നും യുഹാനോൻ മാർ ദിയസ്‌കോറസ് വ്യക്തമാക്കി.

Latest News