ഷോണ്‍ ജോര്‍ജിന്റെ കുമ്പസാരം: ഭാര്യയെ മതം മാറ്റി, അത് തെറ്റായിപ്പോയി

കോട്ടയം - ഭാര്യയെ  നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന് ബി.ജെ.പി നേതാവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് ഒടുവില്‍ സമ്മതിച്ചു. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ മകള്‍ പാര്‍വതിയെയാണ് ഷോണ്‍ ജോര്‍ജ് വിവാഹം കഴിച്ചിരിക്കുന്നത്.
സ്വകാര്യ ചാനലിന്റെ ഷോയില്‍ പങ്കെടുത്താണ് ഷോണ്‍ ജോര്‍ജ് കുറ്റസമ്മതം നടത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് ഈ മതംമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേര്‍ന്ന് നിര്‍ബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്ത്യാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാന്‍ ചിന്തിച്ചുള്ളു. പിന്നീട് എനിക്ക് മനസ്സിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്. അവള്‍ എന്നെയാണ് സ്‌നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണ്- ഷോണ്‍ ജോര്‍ജ് പറഞ്ഞു.
2007 ലായിരുന്നു മകള്‍ പാര്‍വതിയും ഷോണ്‍ ജോര്‍ജും തമ്മില്‍ വിവാഹിതരായത്. ജഗതിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍വതി ഷോണിനെ മതം മാറ്റിയതെന്ന് മുമ്പ് പി.സി ജോര്‍ജും പറഞ്ഞിട്ടുണ്ട്. പാര്‍വതി സ്വയം മാറിയതാണെന്നും തങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് ഇത്രയും കാലം ഷോണ്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
ബി.ജെ.പിയില്‍ ചേര്‍ന്നയുടന്‍ മതംമാറ്റത്തിനെതിരായ ശക്തമായ നിലപാട് കൈക്കൊള്ളാനാണ് ഷോണിന്റെ കുമ്പസാരം. ഷോണിന്റെ പരാമര്‍ശത്തോട് ക്രിസ്ത്യന്‍ സഭകള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. യു.പിയിലും മറ്റും മതപരിവര്‍ത്തന നിരോധ നിയമത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ വലിയ പീഡനം നേരിടുകയാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

 

Latest News