ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ വിശ്വാസ വോട്ട് നേടി

ന്യൂദല്‍ഹി - ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 47 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ചംപയ് സോറന്‍ വിശ്വാസം നേടിയത്. പ്രതിപക്ഷത്തിന് 29 എം.എല്‍.എമാരുടെ വോട്ടുകളാണ് ലഭിച്ചത്.

ബി.ജെ.പി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ഭരണകക്ഷി എം.എല്‍.എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായ ഞായറാഴ്ച രാത്രിയിലാണ് ഇവരെ റാഞ്ചിയില്‍ എത്തിച്ചത്. ഭൂമി അഴിമതിക്കേസില്‍ ഇ.ഡി കസ്റ്റഡിയിലുള്ള മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പുതിയ മുഖ്യമന്ത്രി ചംപയ് സോറന് 41 എം.എല്‍.എ.മാരുടെ പിന്തുണ അനിവാര്യമായിരുന്നു. ഭരണസഖ്യത്തിലുള്ള 47 എം.എല്‍.എമാരുടേയും പിന്തുണ അദ്ദേഹത്തിന് നേടാനായി.

മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഭൂമി അഴിമതിക്കേസില്‍ ഇ.ഡി ബുധനാഴ്ച രാത്രിയാണ് അറസ്റ്റുചെയ്തത്. തൊട്ടുപിന്നാലെ പാര്‍ട്ടി ചംപായ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

 

Latest News