Sorry, you need to enable JavaScript to visit this website.

ഗൂഗിള്‍ വഴിതെറ്റിച്ചു, ഗുജറാത്തില്‍നിന്നു കടത്തിയ 2000 കിലോ ചീഞ്ഞ മത്സ്യം നാട്ടുകാര്‍ പിടികൂടി

എടപ്പാള്‍- ഭക്ഷ്യയോഗ്യമല്ലാത്ത ചീഞ്ഞളിഞ്ഞ 2000 കിലോ മത്സ്യം എടപ്പാളില്‍ പിടികൂടി. ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കുന്നതിനിടെ വഴിതെറ്റിയ ലോറി ഗ്രാമീണ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് നാട്ടുകാരുടെ പിടിയിലായത്. ഗുജറാത്തില്‍നിന്നു കുന്നംകുളം മാര്‍ക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു മത്സ്യം. കോഴിക്കോട് മാര്‍ക്കറ്റില്‍ എത്തിച്ചെങ്കിലും കച്ചവടക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകാതെ വന്നപ്പോഴാണ് കുന്നംകുളത്തേക്ക് കൊണ്ടുവന്നത്. സംസ്ഥാനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ലോറി കണ്ടകത്തെത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് ഗ്രാമീണ റോഡിലേക്ക് വഴികാട്ടുകയായിരുന്നു. ഇതുവഴി പോകുമ്പോഴാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മീന്‍ വണ്ടിയില്‍ നിന്ന് വെള്ളം റോഡില്‍ വീണത്. അസഹ്യമായ ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ലോറി തടയുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും പോലീസും സ്ഥലത്ത് എത്തി. രോഷാകുലരായ നാട്ടുകാര്‍ മീന്‍ പെട്ടികളില്‍ മണ്ണെണ്ണയും പെട്രോളും, ഡീസലും ഒഴിച്ച് പ്രതിഷേധിച്ചു. 40 കിലോവീതം തൂക്കത്തില്‍ 50 ബോക്‌സുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് വട്ടംകുളത്ത് പഞ്ചായത്തിന്റെ ഭൂമിയില്‍ കുഴിച്ചുമൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരായ ദീപ്തി,ധന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് പ്രശാന്തിയില്‍, പൊന്നാനി എസ്.ഐ എം.വി തോമസ് എന്നിവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

 

Latest News