പ്രതിരോധ മേഖല സഹകരണത്തിന് ദക്ഷിണ കൊറിയയുമായും പാക്കിസ്ഥാനുമായും സൗദി കരാര്‍

റിയാദ് - പ്രതിരോധ മേഖലാ സഹകരണത്തിന് ദക്ഷിണ കൊറിയയുമായും പാക്കിസ്ഥാനുമായും സൗദി അറേബ്യ കരാറുകള്‍ ഒപ്പുവെച്ചു. വേള്‍ഡ് ഡിഫന്‍സ് ഷോയോടനുബന്ധിച്ച് കൊറിയന്‍, പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രിമാരുമായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ചര്‍ക്കകള്‍ക്കിടെയാണ് കരാറുകള്‍ ഒപ്പുവെച്ചത്. കൊറിയന്‍ നാഷണല്‍ ഡിഫന്‍സ് മന്ത്രി ഷിന്‍ വോന്‍-സികുമായി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ പ്രതിരോധ, സൈനിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തു. സൗദി, ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സൗദി പ്രതിരോധ മന്ത്രാലയ പ്രതിനിധിയും കൊറിയന്‍ ഡിഫന്‍സ് അക്വിസിഷന്‍ പ്രോഗ്രാം ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധിയും സൈനിക വ്യവസായ മേഖലാ സഹകരണ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി അന്‍വര്‍ അലി ഹൈദറും സൗദി പ്രതിരോധ മന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണവും മേഖലാ, ആഗോള തലത്തിലെ സംഭവവികാസങ്ങളും വിശകലനം ചെയ്തു. സൗദി, പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനുള്ള രണ്ടു ധാരണാപത്രങ്ങള്‍ ചടങ്ങില്‍ വെച്ച് ഒപ്പുവെച്ചു.
ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, സംയുക്ത സേനാ മേധാവി ജനറല്‍ ഫയാദ് അല്‍റുവൈലി, പ്രതിരോധ സഹമന്ത്രി എന്‍ജിനീയര്‍ ത്വലാല്‍ അല്‍ഉതൈബി, എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ക്കുള്ള പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അല്‍ബയാരി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിശാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൈഫ് എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സന്നിഹിതരായിരുന്നു.

 

Latest News