Sorry, you need to enable JavaScript to visit this website.

ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍, അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ നടപടി

തിരുവനന്തപുരം - സ്‌കൂളുകളുടേയും അധ്യാപകരുടേയും പ്രവര്‍ത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മോഡല്‍ സ്‌കൂളായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലക്ക് 1032.62 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ പത്ത് കോടി രൂപ വകയിരുത്തി.

സാങ്കേതിക ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 27.5 കോടി, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ 5.15 കോടി, പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി 14.8 കോടി, സ്‌കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടി രൂപയും വകയിരുത്തി.

'സ്‌കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളായി ഉയര്‍ത്തും. സ്‌കൂളുകളുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ആറ് മാസത്തിലൊരിക്കല്‍ അധ്യാപകര്‍ക്ക് റസിഡന്‍ഷ്യലായി പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി,ഡിഇഒ, എഇഒ, അധ്യാപകര്‍ എന്നിവരുടെ പെര്‍ഫോമന്‍സും വിലയിരുത്തും. എഐ സാങ്കേതിക വിദ്യയും ഡീപ്ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പുതുതലമുറയെ സജ്ജമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചു- ധനമന്ത്രി പറഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ സൗജന്യ യൂണിഫോം വിതരണത്തിന് 185.34 കോടി രൂപ അനുവദിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 15.34 കോടി രൂപ അധികമാണ്. ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ ധനസഹായം നല്‍കുന്നതിന് 50 കോടി രൂപ നീക്കിവെച്ചു. കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 38.5 കോടി രൂപ, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.2 കോടി രൂപ. ഇതില്‍ 52 കോടി രൂപ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ്.

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയായ സിഎച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

മോട്ടോര്‍ വാഹന രജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുറച്ചു. ടൂറിസ്റ്റ് ബസുകള്‍ നികുതി കുറവുള്ള അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമൂലം നികുതി ഇനത്തിലും രജിസ്‌ട്രേഷന്‍ ഇനത്തിലും സംസ്ഥാനത്തിന് നഷ്ടം വരുന്നതുമൂലമാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വിവിധ കാറ്റഗറികളിലായി 1000 രൂപ വീതമാണ് ആള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് രജിസ്‌ട്രേഷന്‍ കുറച്ചത്. അന്യസംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷനുള്ള ബസുകള്‍ കേരളത്തില്‍ വരുമ്പോള്‍ ഇവിടെ തങ്ങുന്ന ദിവസങ്ങള്‍ക്കനുസരിച്ച് നികുതി ഈടാക്കും.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. പെന്‍ഷന്‍ നല്‍കാന്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ഡി.എ കുടിശ്ശികയില്‍ ഒരു ഗഡു ഏപ്രിലില്‍ നല്‍കും.
എന്നാല്‍ ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പെന്‍ഷന്‍ വര്‍ധിപ്പിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കുമെന്നും ഇപ്പോഴുള്ള കുശ്ശിക കൊടുത്തു തീര്‍ക്കാന്‍ നടപടിയെടുക്കുമെന്നും മാത്രമാണ് മന്ത്രി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം 9000 കോടി രൂപ വേണ്ടി വരുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായ തുക മാത്രമാണ് ഇതിനായി നല്‍കുന്നതെന്നും അത് തന്നെ യാഥാസമയം കിട്ടാറില്ലെന്നും മന്ത്രി പറഞ്ഞു.
റബറിന്റെ താങ്ങുവില 170 ല്‍ നിന്ന് 180 രൂപയായി വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നു.

 

Latest News