ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു

തൃശൂര്‍ - ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നിലുള്ള സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു.  ഇയാളാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ കൈവശം എല്‍ എസ് ഡി മയക്കു മരുന്ന് ഉണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചറിയിച്ചത്. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണ ദാസിനെയാണ് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്.  കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എം മജു കേസില്‍ ഇയാളെ കേസില്‍ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സണ്ണി ഷീലയുടെ സ്ഥാപനത്തില്‍ മന:പൂര്‍വ്വം മയക്കുമരുന്ന് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വസ്തു കൊണ്ടുവെച്ച് ഇവരെ കുടുക്കാന്‍ ശ്രമിച്ചതായാണ് കേസ്. കേസില്‍ 72 ദിവസം ഷീല സണ്ണിക്ക് ജയിലില്‍ കഴിയേണ്ടി വന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കണ്ടെത്തിയത് മയക്കുമരുന്ന് അല്ലെന്ന് പിന്നീട് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. നാരായണ ദാസിനോട് ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

 

Latest News