ഇസ്ലാമിക പണ്ഡിതൻ മൗലാന മുഫ്തി സൽമാൻ അസ്ഹരിയെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തു, പ്രതിഷേധവുമായി അനുയായികൾ

മുംബൈ- പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മൗലാന മുഫ്തി സൽമാൻ അസ്ഹരിയെ ഗുജറാത്ത് പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് മുംബൈയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗ കേസിലാണ് അറസ്റ്റ്. മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിൽനിന്നാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അസ്ഹരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് നൂറുകണക്കിന് അനുയായികൾ ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷൻ ഘരാവോ ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

ഗുജറാത്തിലെ ജുനാഗഡിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. അസ്ഹരിയെ മുംബൈയിലെ ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികൾ പോലീസ് സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയാണ്. ക്രമസമാധാന പാലനത്തിനായി സുരക്ഷ ശക്തമാക്കി. അന്വേഷണവുമായി സഹകരിക്കാൻ അസ്ഹരി തയ്യാറാണെങ്കിലും ഇക്കാര്യത്തിൽ പോലീസിൽ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ തന്നെ ഗുജറാത്ത്, മുംബൈ എ.ടി.എസ് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് അസ്ഹരി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. മുപ്പതോളം പോലീസുകാർ എത്തിയാണ് തടഞ്ഞുവെച്ചത്. 
ജനുവരി 31ന് രാത്രി ജുനഗഡിലെ 'ബി' ഡിവിഷൻ പോലീസ് സ്‌റ്റേഷന് സമീപമുള്ള ഒരു പരിപാടിയിലാണ് അസ്ഹരി പ്രകോപനപരമായ പ്രസംഗം നടത്തിയത്. പരിപാടി സംഘടിപ്പിച്ച രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുമെന്ന് പറഞ്ഞാണ് പരിപാടിക്ക് അനുമതി നേടിയതെന്ന് പോലീസ് പറഞ്ഞു.
 

Latest News