Sorry, you need to enable JavaScript to visit this website.

വർഗീയത ഒരു പാർട്ടിയല്ല, മാനസികാവസ്ഥയാണ്, അവർ അട്ടഹസിക്കുമ്പോൾ ബാബരി മസ്ജിദിന് വേണ്ടി ലീഗ് പാർലമെന്റ് മാർച്ച് നടത്തുകയായിരുന്നു

സംയമനത്തിന്റെ താരാട്ട് പാടി മുഹമ്മദലി ശിഹാബ് തങ്ങൾ സമുദായത്തെ ഉറക്കിക്കിടത്തുന്നു എന്നായിരുന്നു അന്നത്തെ അട്ടഹാസം. അക്കൂട്ടർ പ്രതിരോധ സേനയുണ്ടാക്കി. കരിമ്പൂച്ചകളുമായി നടന്ന് ആൾക്കൂട്ടങ്ങളെ പ്രകോപിപ്പിച്ചു. കോൺഗ്രസിനെയും ലീഗിനെയും തെരഞ്ഞെടുപ്പിൽ തോൽപിച്ചു. ലീഗിനെ പിളർത്താൻ ശ്രമിച്ചു. ഈ അട്ടഹാസക്കാർ ലാഭമുണ്ടാക്കിയത് മൈക്ക് സെറ്റുകാർക്ക് മാത്രമാണ്. സമുദായത്തിന് സംഭവിച്ചത് നഷ്ടങ്ങൾ മാത്രം. കോൺഗ്രസിനെ തോൽപിച്ച് പകരം ബി.ജെ.പി വന്നിട്ടും അവരുടെ അട്ടഹാസത്തിന് മാത്രം മാറ്റമില്ല. 

അവർ തെരുവിൽ അട്ടഹസിക്കുമ്പോൾ മുസ്‌ലിം യൂത്ത് ലീഗ് ബാബരി മസ്ജിദിന് വേണ്ടി ദൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തുകയായിരുന്നു. ബാബരി മസ്ജിദ് പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയത് ഇന്ത്യയിലെ ഒരേയൊരു നിയമസഭയാണ്, കേരളത്തിൽ. പ്രമേയം അവതരിപ്പിച്ചത് മുസ്ലിംലീഗ് നേതാവും അന്നത്തെ ചീഫ് വിപ്പുമായ കെ.പി.എ മജീദ്. ഗ്യാൻവാപി പള്ളി വിവാദം പുകയുമ്പോൾ എല്ലാവരും പ്രതീക്ഷയോടെ ചർച്ച ചെയ്യുന്ന 1991ലെ ആരാധനാലയ നിയമമുണ്ടല്ലോ. അത് ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് മുസ്‌ലിംലീഗാണ്. 1987 മെയ് 8ന് പ്രൈവറ്റ് ബില്ലായി പാർലമെന്റിൽ ബനാത്ത് വാല ഈ പ്രമേയമാണ് വള്ളിപുള്ളി വിടാതെ 1991ൽ കോൺഗ്രസ് സർക്കാർ നിയമമാക്കിയത്. സംഘ്പരിവാർ ഇപ്പോൾ അവകാശമുന്നയിക്കുന്ന മസ്ജിദുകൾക്ക് ബാബരി മസ്ജിദിന്റെ ഗതി വരുമോ എന്ന ചോദ്യത്തിന് സ്റ്റാറ്റസ്‌കോ എന്നൊരു ഉത്തരമുണ്ടാക്കിയ മനുഷ്യന്റെ പേരാണ് ഗുലാം മഹ്‌മൂദ് ബനാത്ത് വാല. ഭൂരിപക്ഷ സർക്കാർ ഈ നിയമത്തിൽ ഭേദഗതി വരുത്തുമോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യം. 

രാഷ്ട്രീയ ലാഭവും സമുദായ വികാരവും നോക്കിയല്ല ഒരുകാലത്തും മുസ്‌ലിംലീഗ് നിലപാടുകൾ സ്വീകരിച്ചത്. സമുദായത്തിന്റെയും രാജ്യത്തിന്റെയും ഭാവിയായിരുന്നു നിലപാടുകളുടെ ഊന്നൽ. ഉത്തരവാദിത്ത രാഷ്ട്രീയമാണ് നിലനിൽപ്പിന്റെയും മുന്നേറ്റത്തിന്റെയും ആധാരമെന്ന് മുസ്ലിംലീഗ് തെളിയിച്ചു. പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാവുകയും തെരഞ്ഞെടുപ്പ് തോൽവി സംഭവിക്കുകയും ചെയ്തപ്പോൾ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ ഒരു സംഘം നേതാക്കൾ തങ്ങളെ ചെന്ന് കണ്ടു. ''ശരിയായ മാർഗ്ഗത്തിൽ ഉള്ളവരെയും കൊണ്ട് പോകാം'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ ലാഭമായിരുന്നു ലീഗിന്റെ ലക്ഷ്യമെങ്കിൽ നഷ്ടങ്ങൾ സഹിച്ച് ഈ നിലപാട് സ്വീകരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. 

ആ പാരമ്പര്യത്തിന്റെ ഗാംഭീര്യമുള്ള പിന്തുടർച്ചയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. രാജ്യത്തിന്റെ പരമോന്നത കോടതി തീർപ്പ് കൽപിച്ച ബാബരിയുടെ ഓർമകളിൽ കെട്ടുപിണഞ്ഞ് സമയം കളയാനില്ലെന്നും സംഘ്പരിവാർ വിരിച്ച വലയിൽ വീഴാനില്ലെന്നും അസന്നിഗ്ധമായി തങ്ങൾ പറഞ്ഞുകഴിഞ്ഞു. വിവേകമുള്ളവർക്ക് ആ നിലപാടിനൊപ്പം നിൽക്കാം. അല്ലാത്തവർക്ക് നിലവിളി തുടരാം. 

വികാരജീവികൾ ഇക്കാലമത്രയും അട്ടഹസിച്ചിട്ട് എന്ത് ലാഭമുണ്ടാക്കി?  മുസ്‌ലിംലീഗിന്റെ പേര് മാറ്റണമെന്ന് പറഞ്ഞ് പരിഹസിച്ച് നടന്നവർക്ക് സ്വന്തമായി പേര് പോലും ഇല്ലാതായി. ചെറുപ്പക്കാരെ പിരികേറ്റിയ നേതാക്കളും അണികളും ജയിലിലാണ്. അവരുടെ കുടുംബങ്ങൾ അനാഥമാണ്. സേട്ട് സാഹിബിനൊപ്പം പോയവരിൽ ഏറെയും പോയത് പോലെ തിരിച്ചുവന്നു. അവരിൽ പ്രധാനിയായിരുന്ന പി.എം.എ സലാം ഇന്ന് മുസ്ലിംലീഗിന്റെ ജനറൽ സെക്രട്ടറിയാണ്.

സംഘിസം പോലെ തന്നെയാണ് സുഡാപ്പിസവും. വർഗീയത ഒരു പാർട്ടിയല്ല. മാനസികാവസ്ഥയാണ്. എല്ലാ പാർട്ടികളിലും എല്ലാ മത, സാമുദായിക സംഘടനകളിലും ഏറിയും കുറഞ്ഞും ഇവർ രണ്ട് കൂട്ടരുമുണ്ട്. ജാഗ്രതൈ!

Latest News