Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം:സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് വിമർശിക്കപ്പെടുന്നു, പ്രവർത്തകരിൽ അമ്പരപ്പ്

മലപ്പുറം-അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് മുസ്ലിം ലീഗ് പ്രവർത്തകരിൽ ഉൾപ്പടെ അമ്പരപ്പുണ്ടാക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്.അയോധ്യയിൽ ബാബരി മസ്്ജിദ് പൊളിച്ചുമാറ്റി നിർമ്മിച്ച രാമക്ഷേത്രം ഇന്ത്യൻ മതേതരത്വത്തിന്റെ മരണമണിയാണ് മുഴക്കുന്നതെന്ന് മുസ്ലിംകൾക്കിടയിലും മതേതരവാദികൾക്കിടയിലും വിമർശനമുയരുന്നതിനിടെയാണ് ശിഹാബ് തങ്ങൾ ഹിന്ദുത്വ അജണ്ടയെ അനുകൂലിക്കുന്ന രീതിയിൽ പ്രസ്താവന നടത്തുന്നതെന്നാണ് പ്രധാന വിമർശനം.
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിൽ ജനുവരി 24 ന് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സാദിഖലി തങ്ങൾ ഈ പ്രസംഗം നടത്തിയത്.ഇതിന്റെ വീഡിയോ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പക്കപ്പെട്ടത്.അതിന് ശേഷം ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിശ്വാസികൾക്ക് പൂജിക്കാൻ അനുമതി നൽകിയ സംഭവത്തിനെതിരെയും സമൂഹത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീരാമക്ഷേത്രം ഒരു യാഥാർഥ്യമാണെന്നും അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും പ്രസംഗത്തിൽ സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ വന്ന ക്ഷേത്രവും കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർമിക്കാനിരിക്കുന്ന അയോധ്യയിലെ മസ്്ജിദും ഇന്ത്യൻ മതേതരത്വത്തെ ശക്തിപ്പെടുത്തും.ബാബരി മസ്ജിദ് തകർക്കപ്പെട്ടതിൽ നമുക്ക് പ്രതിഷേധമുണ്ടായിരുന്നു.പക്ഷെ,സഹിഷ്ണുതയോടെ അതിനെ നേരിടാൻ ഇന്ത്യൻ മുസ്്‌ലിംകൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
സാദിഖലി തങ്ങളുടെ പ്രസംഗം പുറത്തു വന്നതോടെ സോഷ്യൽമീഡിയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.മുസ്്‌ലിം ലീഗിന്റെ രാഷ്ട്രീയ എതിരാളികൾ മുതൽ പാർട്ടി അനുഭാവികൾ വരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.അതേസമയം,സാദിഖലി തങ്ങളെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീഷനും മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടിയും രംഗത്തെത്തി.
ശിഹാബ് തങ്ങളുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. അയോധ്യ ക്ഷേത്രം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.ആ കെണിയിൽ വീഴേണ്ടതില്ല. ബാബരി മസ്ജിദ് തകർത്ത സമയത്ത് ശിഹാബ് തങ്ങൾ എടുത്ത മാതൃക പിന്തുടരണമെന്ന സമൂഹ നന്മക്കും സാമുദായിക സൗഹൃദം നിലനിർത്താനുമുള്ള ആഹ്വാനമാണ് തങ്ങൾ നടത്തിയതെന്നും കുഞ്ഞാലികുട്ടി മലപ്പുറത്ത് വിശദീകരിച്ചു.
വെള്ളത്തിന് തീ പിടിക്കുമ്പോൾ അത് കെടുത്താൻ ആണ് ശിഹാബ് തങ്ങൾ ശ്രമിച്ചതെന്ന് വി.ഡി.സതീശൻ തൃശൂരിൽ പറഞ്ഞു.തീവ്രവാദ സ്വഭാവമുള്ള സംഘങ്ങൾ വർഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോൾ സംഘർഷം ഒഴിവാക്കാനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Latest News