Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാഹളമൂതി കോൺഗ്രസ്, തൃശൂരിൽ വൻ ജനം

തൃശൂരിൽ മഹാജനസഭയോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
മണിപ്പൂരിലെ അതിക്രമങ്ങളിൽ മോഡി സർക്കാർ കാഴ്ചക്കാരായി -ഖാർഗെ

തൃശൂർ - മണിപ്പൂർ കലാപം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാഹളമൂതി. പതിനായിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച മഹാജനസഭ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കമായി. 
മണിപ്പൂരിലെ അതിക്രമങ്ങളെ മോഡി സർക്കാർ കാഴ്ചക്കാരെ പോലെ നോക്കിനിൽക്കുകയായിരുന്നുവെന്ന് ജനസഭയെ അഭിസംബോധന ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. രാജ്യത്താകെ ഭയാനക അവസ്ഥയാണ് നടമാടുന്നതെന്നും ഫെഡറലിസത്തെ മോഡി സർക്കാർ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബി.ജെ.പിയെ അനുവദിക്കരുത്. ബി.ജെ.പിക്ക് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല.  കേരളം ജയിച്ചാൽ ഇന്ത്യ ജയിക്കും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
മോഡി സർക്കാരിനു കീഴിൽ സാധാരണക്കാർ ദുരിതമനുഭവിക്കുകയാണ്. മോഡി സർക്കാർ സംസ്ഥാനങ്ങളെ ഞെരുക്കുകയാണ്. സ്ത്രീകളും ദളിത് വിഭാഗങ്ങളും കടുത്ത അനീതിയും ദുരിതവുമാണ് നേരിടുന്നത്.
സ്വകാര്യ മേഖലയെ പരിലാളിക്കുന്ന മോഡി, പൊതുമേഖലയെ പാടെ അവഗണിക്കുന്നു. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇരട്ടിയായി. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും രാജ്യത്തെ സാധരണക്കാരെ പൂർണമായും പ്രതിസന്ധിയിലാക്കി. എന്നാൽ ഇതിനോടെല്ലാം നിഷേധാത്മക സമീപനമാണ് സർക്കാർ പുലർത്തുന്നത്. മോഡിയുടെ ഭരണത്തിനു കീഴിൽ പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവരും ധനികർ വീണ്ടും ധനികരുമായി മാറുന്നുവെന്നും ഖാർഗെ പറഞ്ഞു.
രാഹുൽ ഗാന്ധിയെ ജനപ്രതിനിധിയാക്കിയ കേരളത്തിന് നന്ദി പറഞ്ഞ ഖാർഗെ, കേന്ദ്രത്തിൽ കേരളത്തിന് അനുകൂലമായ നായരൂപീകരണത്തിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ശാപമായി മാറിയിരിക്കുന്നു എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അഭിപ്രായപ്പെട്ടു. മോഡി സർക്കാരും പിണറായി സർക്കാരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് -സുധാകരൻ പറഞ്ഞു. സ്വന്തം വോട്ടുകൾ പോലും നിലനിർത്താൻ ഇനി എൽ.ഡി.എഫിനാകില്ല. കോൺഗ്രസും യു.ഡി.എഫും അധികാരത്തിൽ മടങ്ങിയെത്തും. മുഖ്യമന്ത്രി പിണറായി വിജയന്  പണം, പണം എന്ന ചിന്ത മാത്രമാണുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
തൃശൂരിനെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായി കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടർച്ചയായി രണ്ട് തവണ സന്ദർശനവും റോഡ്‌ഷോയും നടത്തിയ സാഹചര്യത്തിലാണ് അവിടെ തന്നെ കോൺഗ്രസും തങ്ങളുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ലക്ഷം പേരാണ് മഹാജനസഭയിൽ പങ്കെടുത്തത്. ഓരോ ബൂത്തിൽ നിന്നും പ്രസിഡന്റ്, വനിത വൈസ് പ്രസിഡന്റ്, ബി.എൽ.ഒമാർ എന്നിങ്ങനെ 75,000 ഭാരവാഹികളാണ് എത്തിയത്. മണ്ഡലം മുതൽ എ.ഐ.സി.സി തലം വരെ കേരളത്തിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും മഹാജനസഭയിൽ പങ്കാളികളായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ,  ദീപ ദാസ്മുൻഷി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ടി.യു. രാധാകൃഷ്ണൻ, തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ സംസാരിച്ചു.

Latest News