കോട്ടയത്ത് ബൈക്ക് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു

കോട്ടയം - പാക്കിൽ പവർഹൗസ് ജംഗ്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു കുട്ടികൾ മരിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥി ഉൾപ്പടെ 16ഉം 17 ഉം വയസുള്ള രണ്ടു പേരാണ് മരിച്ചത്
 മറിയപ്പള്ളി കൊച്ചു വടക്കത്ത് വീട്ടിൽ അബിഗേൽ തോമസ് (17), പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (16) എന്നിവരാണ് മരിച്ചത്. ജോയൽ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു.
 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അബിഗേലിന്റെ മരണം. നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
 ഞായറാഴ്ച വൈകുന്നേരം 3.50-ഓടെ പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം. ചെയിൻ പൊട്ടി ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ചെട്ടിക്കുന്ന് മറ്റത്തിൽ ജോയൽ പീറ്ററിന്റെ മകൻ ജോഷ്വാ ജോയലിന്റെ സംസ്‌കാരം തിങ്കളാഴ്ച നാലിന് പാക്കിൽ സെന്റ് തെരേസാസ് ദേവാലയ സെമിത്തേരിയിൽ നടക്കും. മൃതദേഹം ഉച്ചയ്ക്ക് എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
 

Latest News