Sorry, you need to enable JavaScript to visit this website.

രാജ്യത്ത് ഇലക്ട്രിസിറ്റി ബിൽ പൂജ്യമാകും -പ്രധാനമന്ത്രി

ഗുവാഹത്തി - രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ല് അടയ്‌ക്കേണ്ടതില്ലാത്ത സ്ഥിതി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ വീടുകൾക്കും സൗജന്യമായി വൈദ്യുതി ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഗുവാഹത്തിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
 എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കാനുള്ള ശ്രമം കഴിഞ്ഞ പത്തുവർഷമായി നാം നടത്തിവരികയാണ്. ഇനി നാം ഇലക്ട്രിസിറ്റി ബില്ലുകൾ പൂജ്യമാക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ രാജ്യത്തെ ഒരുകോടി ജനങ്ങൾക്ക് സോളാർ റൂഫ്‌ടോപ്പ് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ച കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ദരിദ്രർക്കും മധ്യവർഗക്കാർക്കും പ്രധാൻമന്ത്രി സൂര്യോദയ യോജനയുടെ ഭാഗമായുള്ള റൂഫ്‌ടോപ് സോളാർ എനർജി സംവിധാനം ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
 ഗുവാഹത്തിയിലെ ഖാനപ്പാറ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 11,600 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. അസം ചന്ദ്രാപൂരിൽ 300 കോടി രൂപ ചിലവിൽ നിർമിക്കുന്ന കായിക സമുച്ചയം, 498 കോടി രൂപ ചിലവിൽ നിർമിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, 358 കോടിയുടെ ഗുവാഹത്തി വിമാനത്താവള ടെർമിനലിൽ നിന്നുമുള്ള ആറ് വരിപ്പാത എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. 3,250 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ശിലയിടലും വിവിധ റോഡുകളടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. 578 കോടി രൂപ ചെലവിട്ടുള്ള നിർദിഷ്ട കരിംഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിക്കും ഗുവാഹത്തിയിൽ 297 കോടി രൂപ ചെലവിൽ നിർമിക്കുന്ന യൂണിറ്റി മാളിനും തറക്കല്ലിട്ടു. 43 പുതിയ റോഡുകളും 38 കോൺഗ്രീറ്റ് പാലങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News