Sorry, you need to enable JavaScript to visit this website.

പേടിഎമ്മിൽ ആശങ്ക വേണ്ട; എല്ലാ വെല്ലുവിളികൾക്കും പരിഹാരമുണ്ടെന്ന് കമ്പനി സി.ഇ.ഒ

ന്യൂഡൽഹി -  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കു പിന്നാലെ പെയ്‌മെന്റ് ബാങ്കായ പേടിഎമ്മിനെതിരേ ഉയരുന്ന ആശങ്കകളിൽ പ്രതികരിച്ച് പേടിഎം സി.ഇ.ഒ വിജയ് ശേഖർ ശർമ്മ. പേടിഎം ഉപയോക്താക്കൾ ആരും ആർ.ബി.ഐ വിലക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഈ മാസം 29ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ പ്രവർത്തിക്കുമെന്നും വിജയ് ശേഖർ വർമ്മ പ്രതികരിച്ചു. 
  രാജ്യത്ത് കോടിക്കണക്കിന് ഉപയോക്താക്കളുള്ള ആപ്പാണ് പേടിഎം. എല്ലാ വെല്ലുവിളികൾക്കും ഒരു പരിഹാരമുണ്ട്. ഞങ്ങളുടെ രാജ്യത്തെയും ഉപയോക്താക്കളെയും സേവിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പ്രതിജ്ഞാബദ്ധരാണ്. പൂർണ്ണമായ അനുസരണയോടെ, പേയ്‌മെന്റ് നവീകരണത്തിലും സാമ്പത്തിക സേവനങ്ങളിലെ ഉൾപ്പെടുത്തലിലും ഇന്ത്യ ആഗോള അംഗീകാരങ്ങൾ നേടിക്കൊണ്ടേയിരിക്കുമെന്നും അതിന്റെ ഏറ്റവും വലിയ ചാമ്പ്യനായി മുന്നിലുണ്ടാകുമെന്നും അദ്ദേഹംവ്യക്തമാക്കി.
 പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്  മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് വിലക്കുണ്ടായാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ പേടിഎം വാലറ്റ് തുറക്കാനാകില്ലെങ്കിലും നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനുമാവും.
 പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകൾ, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലുള്ള നിരോധനം ബാധിക്കുക. അക്കൗണ്ടിൽ പണമുള്ള പേടിഎം ഉപഭോക്താക്കൾക്ക് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്), എഎംപിഎസ് (ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം), ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനാകുമെന്നും കമ്പനി പറയുന്നു. അതിനിടെ, പേടിഎം കമ്പനിക്കെതിരേ ആർ.ബി.ഐയെ കേന്ദ്രീകരിച്ച് കുടുതൽ അന്വേഷണത്തിനും നടപടിക്കുമുള്ള സാധ്യതകളും തെളിയുന്നതായാണ് റിപോർട്ടുകൾ.
 പേടിഎമ്മിൽ ഒറ്റ പാൻ നമ്പറിൽ മതിയായ രേഖകളില്ലാത്ത ആയിരത്തോളം അക്കൗണ്ടുകൾ ബന്ധിപ്പിച്ചതായും കണ്ടെത്തലുകളുണ്ട്. കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ പേടിഎം പേയ്‌മെന്റ് ബാങ്കിൽ സൃഷ്ടിച്ച നൂറുകണക്കിന് അക്കൗണ്ടുകളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിയന്ത്രണങ്ങൾ ക്ഷണിച്ചുവരുത്തിയതെന്നും ഇത്തരം റിപോർട്ടുകൾ വ്യക്തമാക്കുന്നു. ആയിരത്തിലധികം ഉപയോക്താക്കൾ ഒരേ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) അവരുടെ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യുകയാണുണ്ടായത്. ഇത്തരം അക്കൗണ്ടുകൾ ക്രമാതീതമായി വർധിച്ചതും കൃത്യമായ നോ യുവർ കസ്റ്റമർ (കെ.വൈ.സി) ഇല്ലാത്ത ചില അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചോ എന്നതടക്കമുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്. പേടിഎമ്മിന്റെ ഇടപാട് മാനദണ്ഡങ്ങളിൽ സ്വകാര്യതാ ലംഘനം അടക്കം നിരവധി പഴുതുകളും ആർ.ബി.ഐയെ ഉദ്ധരിച്ച് വാർത്തകളുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്കും മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും തമ്മിലുള്ള ഇടപാടിലും സംശയങ്ങൾ ഉയർന്നുവെന്നും പറയുന്നു.
 ഈ വിവരങ്ങളെല്ലാം ആർ.ബി.ഐ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി) അറിയിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണത്തിനുള്ള സാധ്യതയും തള്ളിക്കളയാവതല്ല. നിയമവിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുകൾ കണ്ടെത്തിയാൽ പേടിഎം ബാങ്കിനെതിരെ ഇ.ഡി അന്വേഷണം നടത്തുമെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസി വ്യക്തമാക്കി.
  ആർ.ബി.ഐ മൂക്കുകയറിട്ടതോടെ, പേടിഎമ്മിന്റെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രണ്ട് ദിവസത്തിനകം 36 ശതമാനം ഇടിഞ്ഞ് വിപണി മൂല്യത്തിൽ നിന്ന് 200 കോടി ഡോളർ വരെ കുറവുണ്ടായതായാണ് റിപോർട്ട്. 
 രാജ്യത്തെ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കി ജനങ്ങളെ പല വിധത്തിൽ പിഴിയുമ്പോൾ ഏറ്റവും വേഗത്തിലും എളുപ്പത്തിലും സർവീസ് ചാർജുകളില്ലാതെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു പേടിഎമ്മിന്റെ സേവനം. എന്നാൽ, ആർ.ബി.ഐ ഇവരുടെ തലക്കടിച്ചതോടെ ഓഹരി വിപണിയിൽ വമ്പൻ ഇടിച്ചിലാണ് ഓരോ ദിവസവും പേടിഎമ്മിനുണ്ടാവുന്നത്.

Latest News