ഗാസ- ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ ഒരു ഡസനോളം യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന അവകാശവാദത്തിന് ഇസ്രായില്‍ ഇതുവരെ തെളിവ് നല്‍കിയിട്ടില്ലെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.
സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമായി കാണുന്നുണ്ടെങ്കിലും യു.എന്‍ ഓഫീസ് ഓഫ് ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വീസസ് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ഫിലിപ്പ് ലസാരിനി പറഞ്ഞു.
സംഘടനയുടെ ഒരു സ്റ്റാഫ് അംഗം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഉള്‍പ്പെടുന്ന ഇസ്രായില്‍ അവകാശവാദങ്ങള്‍ക്ക് തെളിവുകളൊന്നും നല്‍കിയിട്ടില്ലെന്ന ഇന്റലിജന്‍സ് വിലയിരുത്തല്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് അറിയിച്ചു.
ഇസ്രായിലിന്റെ ആരോപണം 15 രാജ്യങ്ങള്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്കുള്ള ധനസഹായം പിന്‍വലിക്കാന്‍ കാരണമായി. ഇതോടെ ഈ സന്നദ്ധ സംഘടന വന്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. പണമില്ലാത്തതിനാല്‍ ഫെബ്രുവരി അവസാനത്തോടെ ഗാസ മുനമ്പിലെ ജീവന്‍രക്ഷാ സഹായങ്ങളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ യു.എന്‍.ആര്‍.ഡബ്ല്യു.എ നിര്‍ബന്ധിതമാകുമെന്ന് ലസാരിനി പറഞ്ഞു.