അഭ്യൂഹങ്ങള്‍ ഉറപ്പിലേക്ക്; സുരേഷ് ഗോപിയും വി. മുരളീധരനും പണി തുടങ്ങി

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ സുരേഷ് ഗോപിയും വി. മുരളീധരനും പ്രചരണ പരിപാടികള്‍ ആരംഭിച്ചു. ബി. ജെ. പി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇരുവരും തങ്ങളുടെ പ്രചരണങ്ങളുടെ ആദ്യഘട്ടത്തിലേക്ക് കടന്നത്. 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആറ്റിങ്ങലിലാണ് മത്സരിക്കുകയെന്ന് ഏതാണ്ട് ഉറപ്പായി. അതിന്റെ ഭാഗമായാണ് അദ്ദേഹം പ്രചരണഘട്ടത്തിലേക്ക് കടന്നത്. നേരത്തെ തന്നെ തൃശൂര്‍ ഉറപ്പിച്ച സുരേഷ് ഗോപി വിഷുക്കൈനീട്ടമെന്ന പേരില്‍ പണം നല്‍കിയും തന്റെ കാലുപിടിപ്പിച്ചും മകളുടെ കല്ല്യാണം ഗുരുവായൂരില്‍ നടത്തിയതും ഉള്‍പ്പെടെ വലിയ തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മകളുടെ വിവാഹത്തിന് ഗുരുവായൂരിലെത്തിച്ചതും തന്റെ സ്വാധീനം കേരളത്തിലെ പാര്‍ട്ടി നേതാക്കളേയും ജനങ്ങളേയും ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു. 

പാലക്കാട് മണ്ഡലത്തില്‍ സി. കൃഷ്ണകുമാറായിരിക്കും എന്‍. ഡി. എ സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. മറ്റുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പാലക്കാട് ചേരുന്ന ബി. ജെ. പി ഇന്‍ചാര്‍ജ്മാരുടെ യോഗത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല. 

ബി. ജെ. പി ദേശീയ കൗണ്‍സിലിന് മുമ്പ് ആറോ ഏഴോ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ  പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ബി. ഡി. ജെ. എസിന് മൂന്ന് സീറ്റുകള്‍ നല്‍കുന്നതോടൊപ്പം പത്തനംതിട്ടയില്‍ പി. സി ജോര്‍ജോ ഷോണ്‍ ജോര്‍ജോ മത്സരിക്കുമെന്നും പുറത്തുവന്ന വിവരങ്ങളിലുണ്ട്.

Latest News