ഇളയദളപതി വിജയ്‌യുടെ പാര്‍ട്ടി ഇടുക്കിയില്‍ ഇളക്കമുണ്ടാക്കുമോ?

ഇടുക്കി - തമിഴ് വംശജര്‍ നിര്‍ണായകമായ ഇടുക്കി രാഷ്ട്രീയത്തെ ഇളയദളപതി വിജയ്‌യുടെ
തമിഴക വെട്രി കഴകം സ്വാധീനിക്കുമോ? എംജിആറും ജയലളിതയും കാര്യമായും വിജയകാന്ത്,കമലഹാസന്‍ എന്നിവര്‍ കുറഞ്ഞ തോതിലും ജില്ലയിലെ തമിഴ് മേഖലയിലെ വോട്ടിന്റെ ഗതി മാറ്റിയിട്ടുണ്ട്. എഐഡിഎംകെ, ഡിഎംകെ അടക്കമുളള തമിഴ് പാര്‍ട്ടികള്‍ക്ക് പ്രാദേശിക നേതൃത്വങ്ങളുളള ജില്ലയില്‍ വിജയ്‌യുടെ പാര്‍ട്ടി വേരോടുമോ എന്ന ചോദ്യം ലോകസഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഉയരുന്നു.
ഇടുക്കിയിലെ തമിഴ് സ്വാധീന മണ്ഡലങ്ങളാണ് ദേവികുളവും ഉടുമ്പന്‍ചോലയും പീരുമേടും.  പത്തിലധികം പഞ്ചായത്തുകളില്‍ തമിഴ് വംശജരാണ് 90 ശതമാനവും. മണ്ഡല കണ ക്കെടുത്താല്‍ ദേവികുളത്ത് 65 ശതമാനത്തോളവും ഉടുമ്പന്‍ചോലയില്‍ 22 ശതമാനവും പീരുമേട്ടില്‍ 35 ശതമാനവും വരും തമിഴ് വംശജര്‍.  പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പലയിടത്തും തമിഴ് പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ, വിജയകാന്തിന്റെ ഡി എം ഡി കെ,  കമലിന്റെ മക്കള്‍ നീതിമയ്യം, വിടുതലൈ ചിരുത്തൈ എന്നിവക്കെല്ലാം ഇടുക്കിയില്‍ യൂനിറ്റുകളുണ്ട്.
'നാന്‍ ആണയിട്ടാല്‍ അത് നടന്തുവിട്ടാന്‍' എന്ന പാടി നടിച്ച്  തമിഴകത്ത് നടികര്‍ തിലകം എം ജി ആര്‍ സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റ് ഇങ്ങ് ഇടുക്കിയിലെ തേയിലത്തോട്ടത്തിലും ഇലയനക്കമുണ്ടാക്കിയിട്ടുണ്ട്. 1987ല്‍ ഉടുമ്പഞ്ചോല നിയോജക മണ്ഡലത്തില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് എം. എല്‍. എ എം. ജിനദേവന്‍, അന്ന് പുതുമുഖമായിരുന്ന കേരള കോണ്‍ഗ്രസ്(എം)ലെ മാത്യു സ്റ്റീഫനോട് പരാജയപ്പെടാന്‍ പ്രധാന കാരണം നെടുങ്കണ്ടത്ത് രണ്ടില ഉയര്‍ത്തിക്കാട്ടി എം. ജി. ആര്‍ നടത്തിയ പ്രസംഗം സൃഷ്ടിച്ച തരംഗമായിരുന്നു. എ. ഐ. എ. ഡി. എം കെയുടെയും കേരള കോണ്‍ഗ്രസ്(എം)ന്റെയും ചിഹ്നം രണ്ടിലയായിരുന്നു.   
2015ല്‍ പീരുമേട് പഞ്ചായത്തില്‍ അണ്ണാ ഡി.എം.കെ ജയിക്കുകയും കുറച്ചുകാലം പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ആര്‍.എം.ധനലക്ഷമി 11,613 വോട്ടു നേടിയിരുന്നു.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക  ഒപ്പമായിരുന്ന അണ്ണാ ഡി എം കെ കാര്യമായ ചലനമുണ്ടാക്കിയില്ല. കമലഹാസനും വിജയകാന്തിനും വൈക്കോക്കും അണികളുണ്ടെങ്കിലും ഇതുവരെ ഇടുക്കിയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എട്ട് വര്‍ഷം മുമ്പ് ദേശീയ ശ്രദ്ധ നേടിയ മൂന്നാറിലെ തമിഴ് വനിതാ തോട്ടം തൊഴിലാളി മുന്നേറ്റമായിരുന്ന പൊമ്പിളൈ ഒരുമൈക്ക്, പിന്നീട് ചലനമുണ്ടാക്കാനായില്ലെങ്കിലും അക്കാലത്ത് കേരളത്തിലെ മുഖ്യധാര രാഷ്ടീയ കക്ഷികളുടെ ഉറക്കം കെടുത്തിയിരുന്നു.
തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട വോട്ടുകളാണ് തമിഴ് കക്ഷി കളുടെയും ലക്ഷ്യം. കേരളത്തില്‍ സ്ഥിരതാമസമാക്കിയവരും തമിഴ് തോട്ടം തൊഴിലാളികളും തമിഴ്‌നാട്ടിലെത്തി വോട്ട് ചെയ്യാറുണ്ട്. ഇവര്‍ക്കിടയില്‍ പ്രചരണം നടത്താനായി പ്രധാന പാര്‍ട്ടികള്‍ ഇടുക്കിയിലെത്താറുമുണ്ട്.
വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് മാറുന്നതിനെ സമ്മിശ്രപ്രതികരണത്തോ ടെയാണ് മലയാളി ആരാധകര്‍ സ്വീകരിച്ചത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതില്‍ സന്തോഷം, എന്നാല്‍ അഭിനയം നിര്‍ത്തിയ തീരുമാനം വിഷമമുണ്ടാക്കി എന്നാണ് ഇടുക്കിയിലെ ആരാധകര്‍ പറയുന്നത്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ നട്ടെല്ല് വിജയ് മക്കള്‍ ഇയക്കം (വിഎംഐ) എന്ന ഫാന്‍സ് അസോസിയേഷനുകളാണെങ്കിലും ഇവ പാര്‍ട്ടി ഘടകങ്ങളായി മാറ്റാന്‍ നിര്‍ദേശമൊന്നുമില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

 

Latest News