Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒറ്റ പാൻ നമ്പറിൽ ആയിരം അക്കൗണ്ടുകൾ, കള്ളപ്പണ സംശയവും; പേടിഎമ്മിന് എതിരേ കൂടുതൽ പരിശോധനകൾ

ന്യൂഡൽഹി - പെയ്‌മെന്റ് ബാങ്കായ പേടിഎമ്മിൽ ഒറ്റ പാൻ നമ്പറിൽ മതിയായ രേഖകളില്ലാത്ത ആയിരത്തോളം അക്കൗണ്ടുകൾ ബന്ധിപ്പിച്ചതായി കണ്ടെത്തൽ. കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ പേടിഎം പേയ്‌മെന്റ് ബാങ്കിൽ സൃഷ്ടിച്ച നൂറുകണക്കിന് അക്കൗണ്ടുകളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിയന്ത്രണങ്ങൾ ക്ഷണിച്ചുവരുത്തിയതെന്നാണ് റിപോർട്ടുകൾ.
  ആയിരത്തിലധികം ഉപയോക്താക്കൾ ഒരേ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) അവരുടെ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യുകയായിരുന്നു. ഇത്തരം അക്കൗണ്ടുകൾ ക്രമാതീതമായി വർധിച്ചതും സംശയങ്ങൾ കൂട്ടി. കൃത്യമായ നോ യുവർ കസ്റ്റമർ (കെ.വൈ.സി) ഇല്ലാത്ത ചില അക്കൗണ്ടുകൾ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയത് കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ എന്ന സംശയവും ഉണർത്തി. ആർ.ബി.ഐയും ഓഡിറ്റർമാരും നടത്തിയ പരിശോധനയിൽ ബാങ്ക് സമർപ്പിച്ച റിപോർട്ട് തെറ്റാണെന്നുകൂടി കണ്ടെത്തിയതോടെ നടപടി അനിവാര്യമാകുകയായിരുന്നു. ഗ്രൂപ്പിലെയും അനുബന്ധ കക്ഷികളുടെയും പ്രധാന ഇടപാടുകൾ വെളിപ്പെടുത്താത്തതിന് പുറമെ, പേടിഎമ്മിന്റെ ഇടപാട് മാനദണ്ഡങ്ങളിൽ സ്വകാര്യതാ ലംഘനം അടക്കം നിരവധി പഴുതുകളും കണ്ടെത്തി. പേടിഎം പേയ്‌മെന്റ് ബാങ്കും മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും തമ്മിലുള്ള ഇടപാടിലും സംശയങ്ങൾ ഉയർന്നുവെന്നാണ് റിപോർട്ട്.
 എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചതിനൊപ്പം ആർ.ബി.ഐ തങ്ങളുടെ കണ്ടെത്തലുകൾ അഭ്യന്തര മന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണത്തിനുള്ള സാധ്യതയും തെളിയുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുകൾ കണ്ടെത്തിയാൽ പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുമെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസി വ്യക്തമാക്കി.
  ആർ.ബി.ഐ മൂക്കുകയറിട്ടതോടെ, പേടിഎം ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ 36 ശതമാനം ഇടിഞ്ഞ് വിപണി മൂല്യത്തിൽ നിന്ന് 200 കോടി ഡോളർ വരെ കുറവുണ്ടായതായാണ് റിപോർട്ട്.

Latest News