മാള സ്വദേശിയുടെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക് പുതുജീവന്‍ നല്‍കും

കൊച്ചി- കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ മരിച്ച മാള സ്വദേശിയായ യുവാവിന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകും. ആലുവ രാജഗിരി ആശുപത്രിയിലാണ് യുവാവിന്റെ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ദേശപ്രകാരം യുവാവിന്റെ പേരോ മറ്റ് വിവരമോ പുറത്തുവിട്ടിട്ടില്ല.

വൃക്കയും കരളും ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗിക്ക് കൈമാറി. മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയത്. ഹൃദയവും ഒരു കൈയും ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് രോഗികള്‍ക്ക് നല്‍കും. കണ്ണുകള്‍ അങ്കമാലി എല്‍.എഫ്. ആശുപത്രിയിലെ രോഗിക്ക് വെളിച്ചമേകും.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. പുലര്‍ച്ചെ നാലുമണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി അവയവങ്ങള്‍ കൈമാറി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച 11 മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

 

 

Latest News