ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ പിടിയില്‍ 

ചെന്നൈ- ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു പൊള്ളാച്ചി പോലീസ് പിടിച്ചെടുത്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫീസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു(41) പിടിയിലായത്.
മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന്‍ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ഇയാളുടെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്.

Latest News