Sorry, you need to enable JavaScript to visit this website.

കൊടുത്താല്‍ കര്‍ണാടകയിലും  കിട്ടും-മന്ത്രി എം.ബി രാജേഷ് 

തിരുവനന്തപുരം-മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരത്തെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവ് കര്‍ണാടകയുടെ ഡല്‍ഹി സമരത്തോട് എന്ത് പറയുമെന്ന് മന്ത്രി എം ബി രാജേഷ് ഫേസ് ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

കൊടുത്താല്‍ കര്‍ണാടകയിലും കിട്ടുമെന്നാണ് പുതു ചൊല്ല്

ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കൂട്ടരും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് ഉയര്‍ത്തിയ ചോദ്യമായിരുന്നു ഇത്. മറുപടി കര്‍ണാടകയില്‍ നിന്ന് വന്നിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എംഎല്‍സിമാരും, കേരളം ചെയ്യുന്നത് പോലെ തന്നെ, ഏഴാം തീയതി ഡല്‍ഹിയില്‍ സമരം നടത്തുകയാണ്. വിഷയവും നാം ഉന്നയിക്കുന്നത് തന്നെ. കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും. മാത്രമല്ല കര്‍ണ്ണാടകയിലെ പ്രതിപക്ഷത്തോട് സമരത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രസ്താവിച്ചിട്ടുമുണ്ട്. ഇപ്പോഴെങ്ങനെയുണ്ട് കോണ്‍ഗ്രസെ? കേരളം ഡല്‍ഹിയില്‍ സമരം ചെയ്താല്‍ അത് നാടകം, കര്‍ണാടക അതുതന്നെ ചെയ്താലോ? ഡല്‍ഹിയിലെ സമരം തീരുമാനിക്കുന്നതിന് മുന്‍പ് കേരള സര്‍ക്കാര്‍ ചെയ്തത് പ്രതിപക്ഷത്തോടു ആലോചിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രതിപക്ഷനേതാവും ഉപനേതാവുമായി ചര്‍ച്ച നടത്തി അവര്‍ക്ക് കൂടി സൗകര്യമുള്ള തീയതിയില്‍ സമരം ചെയ്യാമെന്ന് അറിയിച്ചു. ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞുപോയ ആളുകള്‍ ആലോചിച്ചുറപ്പിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചു. ഇപ്പോള്‍ കര്‍ണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടര്‍ക്കും എന്ത് പറയാനുണ്ട്?

Latest News