വെളുത്തുള്ളി ഒഴിവാക്കി കറി വെക്കാം,  വില അഞ്ഞൂറിലേയ്ക്ക് 

കോഴിക്കോട്- കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിനംപ്രതി കുതിച്ചുയര്‍ന്ന് വെളുത്തുള്ളി വില 500 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ 100 രൂപയിലധികമാണ് വര്‍ദ്ധിച്ചത്. ഇന്നലെ വിപണിയില്‍ 350 മുതല്‍ 400 വരെയായിരുന്നു മൊത്തവില്പന വില. സംസ്ഥാനത്ത് പലയിടങ്ങളിലും ചില്ലറ വില്പനവില 500നടുത്തെത്തി.കഴിഞ്ഞയാഴ്ച കിലോയ്ക്ക് 300 രൂപയായിരുന്നു. കിലോയ്ക്ക് 100 മുതല്‍ 125 രൂപ വരെ വിലയുണ്ടായിരുന്നതാണ് നാലിരട്ടിയോളം വര്‍ദ്ധിച്ചത്. സമീപകാലത്തൊന്നും വെളുത്തുള്ളിക്ക് വില ഇത്ര ഉയര്‍ന്നിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 30- 40 രൂപയായിരുന്നു വില. ശൈത്യകാലത്ത് വില കൂടുക പതിവാണെങ്കിലും ഇക്കുറി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.
വെളുത്തുള്ളി ലഭ്യത 70 ശതമാനം വരെ കുറഞ്ഞതാണ് വില കൂടാന്‍ കാരണം. തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് വെളുത്തുള്ളി കേരളത്തിലെത്തുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞതോടെ ഉത്പന്ന വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. ഇനി കുറച്ചു കാലം വെളുത്തുള്ളിയില്ലാതെ കറി വെച്ച് ശീലിക്കാം. 
 

Latest News