കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ലാപ്പ്‌ടോപ്പ്  കൈക്കൂലി, ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍ 

തിരുവനന്തപുരം-നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ലാപ്പ്‌ടോപ്പ് കൈക്കൂലിയായി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഉള്ളൂര്‍ സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ മായ വി.എസിനെയാണ് നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ് സസ്‌പെന്‍ഡ് ചെയ്തത്.നഗരത്തിലെ പ്രമുഖ ബില്‍ഡറുടെ കെട്ടിടത്തിന് പെര്‍മിറ്റ് റെഡിയാക്കാന്‍ കെ-സ്മാര്‍ട്ടിന്റെ പ്രശ്‌നമാണെന്നും കംപ്യൂട്ടറോ ലാപ്‌ടോപ്പോ സജ്ജീകരിച്ചിട്ടില്ലെന്നും റവന്യൂ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഒരു ലാപ്‌ടോപ് സമ്മാനമായി നല്‍കിയാല്‍ പെര്‍മിറ്റ് ഉടന്‍ ശരിയാക്കാമെന്ന് ഫോണില്‍ പറഞ്ഞതിന്‍ പ്രകാരം ബില്‍ഡര്‍ 50,000 രൂപ വിലയുള്ള ലാപ്‌ടോപ് ഇവര്‍ക്ക് നല്‍കി. ദിവസങ്ങള്‍ക്കുശേഷം ബില്‍ഡറുടെ ഫോണില്‍ നിന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ ലാപ്‌ടോപ് ആവശ്യപ്പെടുന്ന ഓഡിയോ ക്‌ളിപ്പ് പുറത്തായതോടെയാണ് സെക്രട്ടറിതലത്തില്‍ അന്വേഷണം നടത്തി സസ്‌പെന്‍ഡ് ചെയ്തത്. ബില്‍ഡര്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.സംഭവം വിവാദമായതോടെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ലാപ്‌ടോപ് ബില്‍ഡര്‍ക്ക് തിരികെ നല്‍കി. ആറ്റിപ്ര സോണലിലായിരുന്ന മായയ്ക്ക് ഉള്ളൂര്‍ സോണലിന്റെ ചുമതല നല്‍കിയത് ആറ് മാസം മുന്‍പായിരുന്നു. കെട്ടിട പെര്‍മിറ്റിനുവേണ്ടി ഉള്ളൂര്‍ സോണല്‍ പരിധിയിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനോടും ഇവര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതില്‍ അന്വേഷണം നടന്നുവരികയാണ്.

Latest News