Sorry, you need to enable JavaScript to visit this website.

ആനയെ തിരിച്ചുവിട്ടത് ശരിയായില്ല-കര്‍ണാടക  വനംമന്ത്രി

ബംഗളൂരു- മയക്കുവെടിവച്ച് മാനന്തവാടിയില്‍ നിന്ന് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീര്‍ക്കൊമ്പന് ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ബ്രാന്‍ഡിംഗ് വേണ്ടെന്ന് കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്ര. വന്യമൃഗങ്ങളെ ഒരു സംസ്ഥാനത്തിനോടും ചേര്‍ത്ത് ബ്രാന്‍ഡ് ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഒരിടത്ത് നിന്ന് പിടിച്ച് റോഡിയോ കോളര്‍ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരികെവിട്ടത് ശരിയായ നടപടിയല്ല. ഇക്കാര്യം ഉള്‍പ്പെടെ കേരള വനംമന്ത്രി എ കെ ശശീന്ദ്രനുമായി ചര്‍ച്ച ചെയ്യുമെന്നും ഈശ്വര്‍ ഖന്ദ്ര കൂട്ടിച്ചേര്‍ത്തു.
കേരള വനം വകുപ്പ് ആനയെ മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു ആനയുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായതില്‍ കര്‍ണാടക അനുശോചിക്കുന്നെന്നും എവിടെ ആര്‍ക്കാണ് പിഴവ് പറ്റിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീര്‍ക്കൊമ്പന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആനയുടെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലിന്റെ ഇടത് തുടയില്‍ പഴക്കമുള്ള മുറിവുണ്ട്. കാലിലെ പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വനംവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
 

Latest News