Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം എങ്ങിനെയാണ് മതേതരത്വത്തിന്റെ പ്രതീകമാകുന്നത്

ന്ത്യ മുഴുവൻ വർഗീയ കലാപത്തിന്റെ കെടുതി അനുഭവിച്ച ഘട്ടങ്ങളിലെല്ലാം കേരളത്തെ ഭീതിപ്പെടുത്തുന്ന കാഴ്ചകളിലേക്ക് കൊണ്ടുപോകാതെ സമാധാനത്തിന്റെ തുരുത്തിൽ പിടിച്ചുനിർത്തിയതിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പാണക്കാട്ടെ കുടുംബം. രാഷ്ട്രീയമായ വ്യത്യാസങ്ങൾക്കിടയിലും ഈ പ്രസ്താവനയോടെ വിയോജിപ്പ് പുലർത്തുന്നവരുണ്ടാകില്ല. 

1992-ൽ ബാബരി മസ്ജിദ് ഹിന്ദുത്വ-വർഗീയ വാദികൾ തച്ചുതകർത്ത ഘട്ടത്തിൽ രാജ്യം മുഴുക്കെ കലാപത്തിൽ മുങ്ങിയപ്പോഴും കേരളത്തിൽ കാര്യമായ സംഘർഷങ്ങളുണ്ടായിരുന്നില്ല. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രസ്താവനയായിരുന്നു. ആത്മസംയമനം പാലിക്കുക എന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പിന്നീട് ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ കേരളത്തെ വർഗീയതയിലേക്ക് കൊണ്ടുപോകാതെ സമാധാനം പുലർത്തുന്നതിൽ ആ പ്രസ്താവന വഹിച്ച പങ്ക് ചെറുതല്ല. ബാബരി മസ്ജിദ് പിന്നീട് സുപ്രീം കോടതി ഉത്തരവിലൂടെ രാമക്ഷേത്രമായി മാറുകയും പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 2024-ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കമായാണ് ഇതിനെ എല്ലാവരും കാണുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പ്രസ്താവന ഇതോടകം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായി കഴിഞ്ഞു. അയോധ്യയിൽ കോടതി വിധിയുടെ പശ്ചാതലത്തിൽ നിർമിച്ച രാമക്ഷേത്രവും നിർമ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണമാണെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പറയുന്നത്. കർസേവകരാണ് ബാബരി മസ്ജിദ് തകർത്തത്. അവർ ബാബരി മസ്ജിദ് തകർത്തതിൽ നമുക്ക് അക്കാലത്ത് പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിംകൾക്ക് കഴിഞ്ഞു. മുസ്ലിംകൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളത്തിൽ പോലും സഹിഷ്ണുതയായിരുന്നു. രാജ്യത്തിന് മുഴുവൻ കേരളം മാതൃക കാണിച്ചു. ലോകം മുഴുവൻ കേരളത്തെ ഉറ്റുനോക്കി. തകർന്നത് ബാബരി മസ്ജിദാണ്. തകർക്കപ്പെട്ടത് യു.പിയിലാണ്. എന്നാൽ എല്ലാവരും ഉറ്റുനോക്കിയത് തെക്കേ അറ്റത്തെ കേരളത്തെയാണ്. ഇവിടെ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് അവർ നോക്കിയതെന്നുമാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. 

കഴിഞ്ഞ മാസം മധ്യത്തിലാണ് പ്രസംഗം നടത്തിയത് എങ്കിലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത് കഴിഞ്ഞ ദിവസമാണ്. ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താൻ ഹിന്ദു വിഭാഗങ്ങൾക്ക് കോടതി അനുമതി നൽകിയ പശ്ചാതലത്തിൽ കൂടിയാകണം ഈ പ്രസംഗം കൂടുതൽ ചർച്ചയാകുന്നത്. ഒരു പള്ളി പൊളിച്ച ശേഷം അവിടെ പണിയുന്ന അമ്പലം എങ്ങിനെയാണ് രാജ്യത്തിന്റെ മതേതരത്വത്തിന്റെ പ്രതീകമാകുന്നത് എന്ന് വ്യക്തമാകുന്നില്ല. കോടതി വിധിയിലാണ് രാമക്ഷേത്രം നിർമ്മിച്ചത് എന്ന കാര്യം വസ്തുതയാണ്. പക്ഷെ, ആ വിധിയെ മുൻനിർത്തി എങ്ങിനെയാണ് രാമക്ഷേത്രത്തെ മതേതരത്വത്തിന്റെ പ്രതീകമാക്കുന്നത് എന്നാണ് ചോദ്യം. മുസ്ലിം ലീഗ് കൂടി അംഗമായ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രമുണ്ടാക്കിയതിനെയും അതിലേക്ക് നയിച്ച നടപടിക്രമങ്ങളെയും അംഗീകരിച്ചിട്ടുമില്ല. പിന്നെ എങ്ങിനെയാണ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഇത്തരത്തിൽ പ്രസ്താവന നടത്താൻ കഴിയുന്നത് എന്ന സംശയം സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. 

അതേസമയം, ബാബരി മസ്ജിദ് തകർത്ത ശേഷം ആ ഭൂമിയിൽ പുതിയൊരു ക്ഷേത്രം ബി.ജെ.പിയുടെ നേതൃത്വത്തിൽ കോടതി ഉത്തരവിലൂടെ നിർമ്മിച്ചു കഴിഞ്ഞെന്നും അതുസംബന്ധിച്ച് കൂടുതൽ വിവാദങ്ങളുണ്ടാക്കുന്ന പ്രസ്താവനകൾ ആവശ്യമില്ലെന്ന തീരുമാനത്തിൽനിന്നാണ് സാദിഖലി തങ്ങളുടെ പ്രസംഗം എന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ ഗ്യാൻവാപി അടക്കമുള്ള സഹചര്യത്തിൽ ജനങ്ങളെ ചരിത്രം പറഞ്ഞു മനസിലാക്കി മതേതര ചേരിയിലേക്ക് അടുപ്പിച്ചു നിർത്തുകയാണ് വേണ്ടത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News