സ്വഭാവഹത്യ രൂക്ഷമായി; തുര്‍ക്കി സെന്‍ട്രല്‍ ബാങ്കിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ രാജിവച്ചു

അങ്കാറ- തുര്‍ക്കി സെന്‍ട്രല്‍ ബാങ്കിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ ഹാഫിസ് ഗയേ എര്‍കാന്‍ രാജിവെച്ചു. തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സ്വഭാവഹത്യയില്‍ മനം മടുത്താണ് രാജി പ്രഖ്യാപിക്കുന്നതെന്ന് അവര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.  

തനിക്കെതിരായ സ്വഭാവഹത്യ പ്രചാരണം ശക്തമാണെന്നും രാജിവയ്ക്കാന്‍ അനുവദിക്കണമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനോട് ആവശ്യപ്പെട്ടതായി എക്‌സിലെ കുറിപ്പില്‍ അറിയിച്ചു. തന്റെ കുടുംബത്തെയും ഒന്നര വയസ്സ് പോലും തികയാത്ത നിരപരാധിയായ കുഞ്ഞിനേയും കൂടുതല്‍ ബാധിക്കാതിരിക്കാനാണ് പടിയിറങ്ങുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാഫിസ് ഗയേ എര്‍കന്റെ പിതാവ് എറോള്‍ എര്‍കാന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും ഉദ്യോഗസ്ഥ തീരുമാനങ്ങളിലും സ്വാധീനം ചെലുത്തുന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്‍ ജീവനക്കാരി ബുസ്ര ബോസ്‌കുര്‍ട്ടാണ് ആരോപണം ആദ്യം ഉന്നയിച്ചത്. എറോള്‍ എര്‍ക്കന്റെ നേരിട്ടുള്ള ഇടപെടലാണ് തന്നെ പുറത്താക്കിയതിന് പിന്നിലെന്നും ബുസ്ര ആരോപിച്ചു. എര്‍കന്‍ കുടുംബം ബാങ്കിന്റെ സ്വാധീനവും വിഭവങ്ങളും ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് ബുസ്ര പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പരാതി നല്‍കുകയും ചെയ്തു. 

ബാങ്കിന്റെ വിശ്വാസ്യതയ്ക്കെതിരായ അടിസ്ഥാനരഹിതവും ക്ഷുദ്രവുമായ ആക്രമണമാണ് തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നതെന്നാണ് എര്‍കാന്‍ പറഞ്ഞത്. ഉത്തരവാദികള്‍ക്കെതിരെ  നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

തുര്‍ക്കിയിലെ പണപ്പെരുപ്പം തടയുന്നതിന് ധനമന്ത്രി മെഹ്‌മെത് ഷിംസെക്കിനൊപ്പം സാമ്പത്തിക പരിഷ്‌ക്കരണ പരിപാടികള്‍ നടപ്പിലാക്കിയ എര്‍കാന് യു. എസില്‍ ഗോള്‍ഡ്മാന്‍ സാച്ച്സ്, ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് എന്നിവയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ട്.  

ആദ്യത്തെ വനിതാ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ സ്ഥാനം വഹിച്ചതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞ അവര്‍ എര്‍ദോഗനും ഷിംസെക്കിനും നന്ദി അറിയിച്ചു.

Latest News