Sorry, you need to enable JavaScript to visit this website.

കേന്ദ്രം മുടക്കിയ 21 ലക്ഷം തൊഴിലാളികളുടെ വേതനം ഫെബ്രുവരി 21നകമെന്ന് മമത

കൊല്‍ക്കത്ത- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ പ്രകാരം സംസ്ഥാനത്തെ 21 ലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള വേതനം ഫെബ്രുവരി 21നകം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വിവിധ ക്ഷേമ പദ്ധതികള്‍ക്കായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നടത്തിയ രണ്ട് ദിവസത്തെ സമര പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ വേതനം നല്‍കാത്ത 21 ലക്ഷം തൊഴിലാളികളുടെ കുടിശ്ശികയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുക. വേതനം ഫെബ്രുവരി 21നകം ബാങ്ക് അക്കൗണ്ടുകളില്‍ എത്തുമെന്നും മമത പറഞ്ഞു. 

യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലെ കാലതാമസം സംബന്ധിച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നിരാകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. തെറ്റായ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമായ ചിത്രം സൃഷ്ടിക്കുമെന്നും സംസ്ഥാന ഭരണസംവിധാനത്തിനെതിരെ തെറ്റായ പ്രചാരണം നടത്താന്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞത്. 2002-03 മുതല്‍ 2020-21 വരെ 2,29,099 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായതായി 2020-21ലെ സി. എ. ജിയുടെ സംസ്ഥാന ധനകാര്യ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് കൃത്യസമയത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയും മറ്റ് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദ ബോസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

Latest News