യാത്രാ വിലക്ക് മൂലം ടൂര്‍ മുടങ്ങിയ സംഭവം:  ഓപ്പറേറ്റര്‍ നഷ്ടപരിഹാരവും അഡ്വാന്‍സും നല്‍കണം 

കൊച്ചി- കോവിഡ് കാലത്തെ യാത്രാ വിലക്ക് മൂലം ടൂര്‍ മുടങ്ങിയ സംഭവത്തില്‍ അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും ടൂര്‍ ഓപ്പറേറ്റര്‍ ഉപഭോക്താവിനു നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കോടതി. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനത്തിലെ ന്യൂനത പരിഗണിച്ചുകൊണ്ട് അഡ്വാന്‍സ് തുകയായി ഈടാക്കിയ 50,000 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരവും കോടതി ചെലവും ആയി 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
2020 ഫെബ്രുവരി 5നാണ് പെരുമ്പാവൂര്‍ സ്വദേശിയായ ജേക്കബ് ഉമ്മനും ഭാര്യയും സോമാസ് ലിഷര്‍ ടൂര്‍സ് ഇന്ത്യ എന്ന സ്ഥാപനം മുഖേന 2020 മെയ് 25 ന് നിശ്ചയിച്ച റഷ്യന്‍ ടൂറിന് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇരുവരും അമ്പതിനായിരം രൂപ ടൂര്‍ ഏജന്‍സിക്ക് അഡ്വാന്‍സും നല്‍കി.
എന്നാല്‍ കോവിഡ് മൂലം രാജ്യാന്തരതലത്തില്‍ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ വിനോദ യാത്ര റദ്ദാക്കി. ഈ സാഹചര്യത്തില്‍ തങ്ങള്‍ നല്‍കിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എതിര്‍കക്ഷിയെ സമീപിച്ചിരുന്നെങ്കിലും അഡ്വാന്‍സ് തുക തിരിച്ചു നല്‍കാന്‍ നിര്‍വാഹമില്ല എന്ന നിലപാടാണ് എതിര്‍ കക്ഷി സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും എതിര്‍കക്ഷിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

Latest News