എൽ.ജി.ബി.ടി സംവാദം; ട്രാന്‍സ് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ഒളിച്ചോടുകയാണോ; ആരോപണവുമായി അബ്ദുല്ല ബാസില്‍

കൊച്ചി- ജനകീയ കോടതിയെന്ന ചാനല്‍ പ്രോഗാമില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടും പാതിവഴിയില്‍ മടങ്ങേണ്ടി വന്ന ദുരനുഭവം പങ്കുവെക്കുകയാണ് ഡോ.അബ്ദുല്ല ബാസില്‍ സി.പി. ചാനലും അവതാരകനും ആരോഗ്യകരമായ സംവാദത്തിനുള്ള അവസരമൊരുക്കാന്‍ ശ്രമിച്ചെങ്കിലും എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുകളുടെ പിന്മാറ്റം കൊണ്ടാണ് തനിക്ക് മടങ്ങേണ്ടിവന്നതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലും വീഡിയോയിലും പറയുന്നു.
നേരത്തെ ട്രാന്‍സ് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ശീതള്‍ ശ്യാമുമായി ഡോ.അബ്ദുല്ല ബാസില്‍ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.
ഡോ.അബ്ദുല്ല ബാസിലിന്റെ കുറിപ്പ്.

എറണാകുളത്ത് നിന്ന് മടങ്ങുകയാണ്..
24 ന്യൂസ് ചാനലിന്റെ ജനകീയ കോടതി പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കോഴിക്കോട് നിന്ന് വന്നതായിരുന്നു. ട്രാന്‍സ്‌ജെന്‍ഡറിസവും ഘഏആഠ ആക്റ്റിവിസവുമെല്ലാം അതിന്റെ മറുവശമടക്കം ക്യാമ്പസുകളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന ചാനല്‍ പ്രോഗ്രാമിലേക്ക് ക്ഷണിക്കപ്പെട്ടത്. പ്രോഗ്രാമിന്റെ അവതാരകന്‍ ലിബറല്‍ ആശയക്കാരനായ ഹശ്മി താജ് ഇബ്രാഹിം. മറുഭാഗത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും പാഠപുസ്തകം കരിക്കുലം കമ്മറ്റി അംഗവുമായ ശീതള്‍ ശ്യാം. ഇതേ ശീതളുമായി ഈയുള്ളവന്‍ നടത്തിയ, പരാജയമായിരുന്നു എന്ന് അവര്‍ തന്നെ വിലയിരുത്തിയ സംവാദത്തിന്റെ ക്ഷീണം തീര്‍ക്കാനാവാം വിളിക്കുന്നത് എന്നും ചിന്തിച്ചെങ്കിലും പറയുന്നത് ഉത്തമ ബോധ്യങ്ങള്‍ മാത്രമാണെന്ന ഉറപ്പ് പിന്നോട്ടു വലിച്ചില്ല.
ആശയപരമായ നല്ല ഒരു ഏറ്റുമുട്ടല്‍ മുന്നില്‍ക്കണ്ടുകൊണ്ട് തന്നെയാണ് പ്രോഗ്രാം ഏറ്റെടുത്തത്. പറയുന്ന ആശയങ്ങള്‍ ശരിയാണെന്ന ഉത്തമ ബോധ്യവും, മാനവിക വിരുദ്ധമോ അധാര്‍മികമോ ആയ ഒന്നും പറഞ്ഞിട്ടില്ലെന്നുമുള്ള ബോധ്യം മാത്രമായിരുന്നു ഇത്തരമൊരു പ്രോഗ്രാം ഏറ്റെടുക്കുമ്പോഴുണ്ടായ ധൈര്യം.
ട്രെയിനില്‍ കയറി, അങ്കമാലി കഴിഞ്ഞപ്പോള്‍ പ്രോഗ്രാം കോര്‍ഡിനേറ്ററുടെ ഒരു കാള്‍ ;
'ചെറിയൊരു പ്രശ്‌നമുണ്ടായിരുന്നു സര്‍'
'എന്തുപറ്റി?'
'മറുഭാഗത്ത് ഡോക്ടറാണെങ്കില്‍ വരാന്‍ പറ്റില്ലെന്ന് ശീതള്‍ ശ്യാം പറയുന്നു..'
പ്രതീക്ഷിച്ചതായിരുന്നു.
ശീതളുമായുള്ള സംവാദത്തിന് ശേഷം ആശയപരമായ ഒരു ചര്‍ച്ചക്ക് പോലും ജെന്‍ഡര്‍ പൊളിറ്റിക്‌സുകാര്‍ തയാറാവാറില്ല. തിരുവനന്തപുരം കാര്‍ഷിക കോളേജില്‍ റിയാസ് സലീമുമായി ഒരു സംവാദം നിശ്ചയിക്കപ്പെട്ട് പോസ്റ്ററടക്കം പുറത്തുവന്ന ശേഷമാണ് പിന്മാറിയത്!
ഒരു ചാനല്‍ പ്രോഗ്രാമില്‍ പോലും ആശയപരമായി നേരിടാന്‍ സാധിക്കാത്ത രൂപത്തില്‍ കീഴടങ്ങല്‍ പ്രഖ്യാപിക്കുകയാണ് കേരളത്തിലെ ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍. ശാസ്ത്രവിരുദ്ധവും അധാര്‍മികവും സാമൂഹ്യവിരുദ്ധവുമാണ് ഈ ആശയയമെന്ന്, അല്പം ഡാറ്റയും ശാസ്ത്രവും ഉദ്ധരിച്ചു സംസാരിക്കുന്നിടത്ത് ഇതിന് പ്രതിരോധത്തിന് ശ്രമിക്കാന്‍ പോലുമാകാതെ കീഴടങ്ങാന്‍ മാത്രമേ സാധിക്കൂ എന്ന് ഒരിക്കല്‍ കൂടി ബോധ്യമാവുകയാണ്.
ഇനി പറയാനുള്ളത് ക്യാമ്പസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോടാണ്. ഗവണ്മെന്റ് നിര്‍ദ്ദേശമനുസരിച്ച് നിങ്ങളുടെ ക്യാമ്പസുകളിലെല്ലാം ഏകപക്ഷീയമായി ഈ ആശയം പഠിപ്പിക്കുന്ന സെഷനുകള്‍ വരാന്‍ പോവുകയാണ്. അതിനുമുന്നേ വിഷയം പഠിച്ച് സജ്ജരാവുക, എതിര്‍ ശബ്ദങ്ങളെ ഭയക്കുന്ന , ക്യാന്‍സല്‍ ചെയ്യുന്ന ഇവരോട് മറുശബ്ദമുയര്‍ത്തുക! വിജ്ഞാനം കൊണ്ട് പ്രതിരോധം തീര്‍ക്കുക!
മാധ്യമപ്രവര്‍ത്തകരോട്;
ഏകപക്ഷീയമായി ഇത്തരം അജണ്ടകള്‍ പുഷ് ചെയ്യുന്നതിന് മുന്‍പ് ഒരല്പം പഠിക്കുക. എന്തെന്നുപോലുമറിയാതെ പുരോഗമനം എന്ന ലേബലില്‍ വരുന്നതെല്ലാം വിഴുങ്ങാതിരിക്കുക. എതിര്‍ശബ്ദം പറയുന്ന എല്ലാവരെയും'ക്യാന്‍സല്‍' ചെയ്യുന്ന ഇവരുടെ അജണ്ടകള്‍ക്ക് തലവെക്കണോ , അതോ മറ്റേത് വിഷയത്തിലുമെന്ന പോലെ ഇവ്വിഷയത്തിലും രണ്ടുഭാഗവും കേള്‍ക്കട്ടെ, സംവദിക്കട്ടെ എന്ന നിലപാടെടുക്കണോ എന്നത് നിങ്ങളുടെ തീരുമാനമാണ്. ഞങ്ങള്‍ പറയുന്നത് മാത്രം കേള്‍ക്കണ്ട , ശീതള്‍ ശ്യാമുമായി നടന്ന സംവാദം (ഒരുപക്ഷെ മലയാളത്തിലെ ഇവ്വിഷയത്തിലെ ആദ്യത്തേതും അവസാനത്തേതുമായ സംവാദം) യൂടൂബില്‍ ലഭ്യമാണ്. എന്തുകൊണ്ടാണ് 'ഡോക്ടറുണ്ടെങ്കില്‍ ഞാനില്ല' എന്ന് പറഞ്ഞത് എന്ന ചോദ്യത്തിന്റെ ഉത്തരം അതിലുണ്ട്!

ശീതളുമായി ഡോക്ടര്‍ അബ്ദല്ല ബാസില്‍ നടത്തിയ സംവാദം ഇവിടെ കാണാം

 

Latest News