ഇസ്രായില്‍ മനോരോഗത്തിന്റെ പിടിയില്‍, ആശങ്ക പടരുന്നു

ജെറൂസലം - ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തോടെ ഇസ്രായില്‍ മനോരോഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്നും ആശങ്കയും പിരിമുറുക്കവും വിഷാദരോഗവും പടരുകയാണെന്നും വിദഗ്ധര്‍. ജനുവരി അഞ്ചിന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് പറയുന്നത്. ഇസ്രയിലി ജനത മൊത്തം ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത മാനസിക ദുരന്തമാണ് നേരിടുന്നത്. അതൊരു ദേശീയ ദുരന്തമായി മാറിയിരിക്കുകയാണ് -ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് യോസി ലെവി ബെല്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ യുദ്ധത്തിന് മുമ്പെ തുടങ്ങിയതാണെന്നും പ്രതിസന്ധി നേരിടാന്‍ വലിയ പ്രയത്‌നം വേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി യുറിയേല്‍ ബൂസൊ പറഞ്ഞു. 
ഹമാസ് ആക്രമണം നടന്നതു മുതല്‍ മാനസിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള വിളി ഇരട്ടിച്ചുവെന്ന് ഡയരക്ടര്‍ ഷിറി ഡാനിയേല്‍സ് വെളിപ്പെടുത്തി. ദുരിതാശ്വാസപ്രവര്‍ത്തകരും പോലീസുദ്യോഗസ്ഥരും വരെ മാനസികപ്രശ്‌നങ്ങള്‍ നേരിടുകയാണ്. കുട്ടികളെ ഒറ്റക്ക് ഉറക്കിക്കെടുത്താന്‍ മാതാപിതാക്കള്‍ ഭയപ്പെടുകയാണ്. മുതിര്‍ന്നവര്‍ക്ക് ഒരുകാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ല. പ്രിയപ്പെട്ടവരെ രക്ഷിക്കാന്‍ കഴിയുമോയെന്ന ഭയം അവരെ സദാ പിന്തുടരുകയാണ്. 97 ലക്ഷം വരുന്ന ഇസ്രായിലി ജനസംഖ്യയില്‍ ഒരു ലക്ഷത്തോളം പേരെങ്കിലും ഭയാനകമായ സംഭവവികാസങ്ങള്‍ക്ക് നേരിട്ട് സാക്ഷികളാണെന്നാണ് ആരോഗ്യ മന്ത്രായലത്തിലെ ഡയരക്ടര്‍ മോഷെ ബാര്‍ സിമന്‍ടോവ് പറയുന്നത്. രണ്ടു ലക്ഷത്തോളം പേരെങ്കിലും യുദ്ധത്തെത്തുടര്‍ന്ന് കുടിയിറക്കപ്പെട്ടിട്ടുണ്ട്. പഴയകാല മാനസികപ്രശ്‌നങ്ങളുടെ തിരിച്ചുവരവിന് ഒക്ടോബര്‍ ഏഴിലെ ആക്രമണം കാരണമായതായി സൈക്കോളജിസ്റ്റ് മില്‍ക ആഡ്രി ചൂണ്ടിക്കാട്ടുന്നു.
 

Latest News